Monday, March 9, 2015

ഈയലുകൾ ...!


ഒരു കോടി സ്വപ്‌നങ്ങൾ ഇതളിട്ടു നിൽക്കുന്നോ 
കരിമേഘ മറകൾക്ക് താഴെ.
ഒരായിരം പേമാരി ഉതിരുവാൻ ഉണ്ടെന്നോ 
വിറകൊണ്ട ഭൂമിതൻ മാറിൽ.

നനവുനൂലിഴപോൽ സുതാര്യമാം ചിറകിനാൽ 
നഭസ്സിലേയ്ക്കുയരട്ടെ ഞങ്ങൾ.
ഇതളിടും ആയിരം വർണ്ണ പ്രതീക്ഷകൾ 
ഇടനെഞ്ചിൽ ഉതിരട്ടെ വീണ്ടും.

അളവുകോലില്ലാതെ ആകാശഗോപുരം 
അനസ്യൂതം തിരയുന്നു ഞങ്ങൾ 
ചിറകുകൾ പൊഴിയുവാൻ വെമ്പി നിൽക്കുമ്പോഴും 
ചിരി തൂകി അലഞ്ഞു പായുന്നു.

ധ്യാന നിമഗ്നരായ് മാക്രി സന്യാസിമാർ 
ശാപ്പാട് നോക്കി ഇരിക്കെ 
നിലതെറ്റി വീഴുന്ന ചിറകുകൾക്കിടയിൽ 
ഇരതൻ ചലനം ഗ്രഹിക്കേ 
ഞങ്ങൾ ഈ വാനിൽ വർണ്ണ പ്രതീക്ഷയാൽ
മണ്ടിപ്പറക്കുന്നു വീണ്ടും.

സന്താപമൊക്കെ അകന്ന് പോയീടുവാൻ 
ഭൂമിതൻ വിണ്ടലിൻ ദാഹം ശമിക്കാൻ.
സൗരഭ്യം എങ്ങും തിരികെ വന്നീടുവാൻ 
സായൂജ്യരായി മരിക്കാൻ.

ചിറകറ്റ് ഞങ്ങൾ നിപതിച്ചു ഭൂമിയിൽ 
അഭയം തിരക്കി നടക്കെ 
ഇരയായി തീർന്നിടാം ഉരഗങ്ങൾക്ക്, എങ്കിലും 
ഉണരുന്ന ഭൂമിയെ കാണും.

വാടിക്കരിഞ്ഞ തളിരുകൾ പ്രതീക്ഷതൻ 
വാതായനങ്ങളിൽ പുൽകി 
ഭാസുര സ്വപ്ന മീമാംസയാൽ ജീവന്റെ 
ഭാവിയിലേയ്ക്ക് ഉറ്റുനോക്കി.

മൃതി വരം ചേരാതെ സർവ്വ ചരാചരം  
മൃത സന്ജീവനിയിൽ ഉയരാൻ 
ഉരഗങ്ങൾ പ്രാണികൾ ഷഡ്‌പദങ്ങൾ പല 
ഉണർത്തു ഗാനങ്ങൾ മുഴക്കാൻ 
പുഴകൾ കളകള രവത്തോടെ അനുപദം 
പുതുമകളോടെ കുതിക്കാൻ 
ഹരിതാഭ നിറയുന്ന പ്രകൃതിയിൽ രാവിന് 
ഹരിണ പീയൂഷങ്ങൾ ചാർത്താൻ.  

മാറ്റത്തിൻ കാഹളം തീർത്ത് ചിറക് ഊർന്ന്‌ 
യാത്ര ചൊല്ലീയാർക്കുമ്പോൾ 
വിടതരുക, ക്ഷണികമാം ജീവിത യാത്രതൻ 
ക്ഷണ ഭംഗുരതകളിൽ നിന്നും.

Friday, February 6, 2015

മുഖാമുഖം



എന്റെ ചില മുഖപുസ്തക സൗഹൃദങ്ങൾക്ക് നേരിൽ കാണുമ്പോൾ സംസാരിക്കുവാൻ വലിയ മടിയാണ്. 

പഠനകാലത്തുള്ള സൗഹൃദങ്ങൾ വിലപ്പെട്ടതാണ്‌. സഹമുറിയൻ ആയിരിക്കേ സൗഹൃദങ്ങൾ വിലപ്പെട്ടതാണ്‌. കൂടെ ജോലി ചെയ്യുന്നവരുടെ സൗഹൃദങ്ങളും വിലപ്പെട്ടതാണ്‌. അയൽപ്പക്കത്തെ സൗഹൃദങ്ങൾ വിലപ്പെട്ടതാണ്‌. 

എന്തെന്നാൽ മുഖത്തോട് മുഖം കണ്ട് കണ്ണുകളിൽ ഹൃദയം കണ്ടാണ്‌ നാം സൗഹൃദം പങ്കിടുന്നത്. ആ സൗഹൃദത്തിന് വളരെ ആഴം ഉണ്ട്. ഏത് ആൾക്കൂട്ടത്തിൽ നമ്മെ കണ്ടാലും ഏത് സന്ദർഭത്തിൽ കണ്ടാലും ഒരു പുഞ്ചിരി കൊണ്ടെങ്കിലും നമ്മെ സ്പർശിക്കാതെ പോകാൻ കഴിയാത്ത ആഴം. ആ ആഴമാണ് മുഖ പുസ്തകത്തിലെ സൗഹൃദങ്ങളിൽ എനിക്ക് കണ്ടെത്തുവാൻ കഴിയാത്തത്. അപൂർവ്വം നല്ല സൗഹൃദങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും മുഖ പുസ്തക സൗഹൃദങ്ങൾക്ക് ഞാൻ ഒരു അതിർവരമ്പ് തീർത്തിട്ടുണ്ട്.
_________________________________________________________________________________________




മുഖ പുസ്തകത്തിൽ അവധൂതൻ ആകവേ  
വിരൽ തുമ്പിൽ തുടിക്കുന്നൂ വിപ്ലവങ്ങൾ.
വിരൽ വേഗം കടുത്താലും 
വിരുതെണ്ണി മടുത്താലും  
ഉയർത്തുവാൻ മടിക്കുന്നു ശിരസ്സെന്നാളും.

കാലുവീശി പന്ത് ദൂരെ തെറിക്കേണ്ടില്ല.
കാലനക്കി ചവിട്ടി തെരുക്കൂത്തില്ല.
വിയർപ്പൊട്ടി നാലുപേരിൽ രസക്കേടില്ല 
വിരുതൊരു അയൽക്കാർക്കും പിടിവീഴില്ല.
അകം പുറം തിരഞ്ഞീടാൻ മെനക്കേടില്ല
അനുഭവ പുറപ്പാടാൽ അകം പൊള്ളില്ല.

അരികിലെ ഹൃദയങ്ങൾ പിടയുന്നതറിയേണ്ട 
അകലങ്ങൾ തിരയുവാൻ മടിയും വേണ്ട.

ഉരുകുന്നു ഹൃദയങ്ങൾ വിരൽ തുമ്പത്ത് 
ഉരുകുന്നു യൗവ്വനത്തിൻ കളഭച്ചാർത്ത് 
ഉരുകുന്നു മൗലികത്തിൻ നിറവും നേരും 
ഉരുകാതെ ഇരിക്കുമോ മനസ്സെന്നാളും 

എന്റെ മുഖ പുസ്തകത്തിൽ വന്നണഞ്ഞെന്നാൽ 
സൗഹൃദങ്ങൾ സല്ലപിക്കാൻ വന്നുദിക്കുന്നു.
സൗഹൃദ സംഭാഷണങ്ങൾ, വിശേഷങ്ങൾ കഴിയുമ്പോൾ   
സന്ദർശനത്തിൻ മാറ്റൊരൽപ്പം ഉയർന്നീടുന്നു.
ഞാനും അൽപ്പം ഉണർന്നല്ലോ നാലുപേർ അറിയുന്നല്ലോ 
മാറ്റം എന്റെ ജീവിതത്തിൽ വരുന്നുണ്ടല്ലോ.

ഒരുപാട് വിശേഷങ്ങൾ പറഞ്ഞങ്ങ് മറഞ്ഞവർ, 
നടവഴി മുഖം തരാൻ അറച്ചീടുമ്പോൾ 
ഒരു മാത്ര വിളിക്കുവാൻ മടിക്കുന്നു, മനസ്സിതാ 
ഒരു മാത്ര സൗഹൃദത്തെ മറന്നീടുന്നു.

ജീവിതക്കനൽ വഴി കടക്കുമ്പോൾ ഗ്രഹിക്കുന്ന 
കരങ്ങളിൽ പടർന്ന് നാം കരയേറുമ്പോൾ.
കനൽ വെട്ടം സ്ഫുരിക്കുന്ന കണ്ണുകളാൽ  
അകക്കണ്ണ് തുരന്ന് നാം അളന്നീടുമ്പോൾ  
മനുഷ്യത്വം നുരയുന്നതറിയുകിൽ മടിക്കാതെ 
മനസ്സോടെ സൗഹൃദത്തിൽ അണഞ്ഞീടുകിൽ 
കരം ചേർത്തു നടക്കുക ഒഴുക്ക് നാം കടക്കുക 
ഹൃദയം കൊണ്ടളക്കുക ആഴമെന്നാളും.

മുഖപുസ്തകമെന്നും ആമുഖങ്ങൾ മാത്രമാകും 
മുഖപടം തൊട്ട് താനേ പിരിഞ്ഞു പോകും 
വിരൽതുമ്പിൽ വിപ്ലവങ്ങൾ വിരുതെണ്ണി മടുത്തങ്ങ് 
വിരൽ വേഗം തളർന്നു നാം തിരിച്ചെത്തീടും  
ഒരു മാത്ര പുഞ്ചിരിക്കാൻ, ഒരു തുടം ജലം തേകാൻ 
ഒരായിരം ഓർമ്മകളിൽ നിറം ചാർത്തീടാൻ 
കരുതുക സൗഹൃദങ്ങൾ ഇടം നെഞ്ചിൻ കയങ്ങളിൽ 
കടലാഴങ്ങളിൽ വരെ കരുത്തേകീടാൻ.

Friday, December 5, 2014

മാ ഹിഡുംബി



"ഭാരത ഇതിഹാസത്തിലെ വെറുമൊരു സ്ത്രീ കഥാപാത്രം അല്ല  'ഹിഡുംബി'. ജനിമൃതികൾക്കിടയിലൂടെ അവൾ നമ്മുടെ മുന്നിൽ വീണ്ടും വീണ്ടും കടന്നു പോകുമ്പോൾ നാം കാണുവാൻ ശ്രമിക്കുന്നില്ല എന്ന് മാത്രം."



കടംബുകൾ കാതോർത്ത ക്ഷേത്രത്തിലോ
വ്യാസമുനിയുടെ കഥാപാത്ര ശാസ്ത്രത്തിലോ
ബുധജനം ശ്രേഷ്ടമായ് ധ്യാനിച്ചിടുന്ന
ബിയാസ് നദിയുടെ വിരിമാറിലോ
ഗതികെട്ടൊരാത്മാവും അശാന്തിപർവ്വങ്ങളും
അലയടിച്ചീടുന്നുവെന്നോ.
അതിന്റെ മാറ്റൊലി കുമാരി മുനബോളം
അതിരൂക്ഷമാകുന്നുവെന്നോ
മാ ഹിഡുംബായിലെ ശോകാദ്ര താഴ്വ്വര
കാലവും തേടുന്നുവെന്നോ
ദ്രാവിഡപ്പെണ്ണിന് ലഭിക്കാത്ത നീതിതൻ
ശാപം ഗ്രഹിക്കുന്നുവെന്നോ

കരൾ തുറന്നൊന്നു നോക്കൂ
കണ്ണീരിൽ കനിഞ്ഞൊന്നുനോക്കൂ
കുലചിന്ത നട തള്ളിനോക്കൂ
സദ്കർമത്തോടോന്നുനോക്കൂ

എണ്ണമറ്റെത്രയൊ നഷ്ടങ്ങളൂന്നി
ധർമ്മ യുദ്ധത്തിന്റെ അന്ത്യനേരം.
പുത്ര ദുഃഖത്താൽ സ്തബ്ധയായ് നിന്നവൾ
ഒട്ടുനേരം മഹാ യുദ്ധ ഭൂവിൽ.
ഉരിയാടിയില്ലൊരു ശാപ വാക്കും,
പരിതേവനങ്ങളും ഗദ്ഗദവും.
പരമപ്രധാന മൗനമാം  ഭാഷയിൽ 
പതി ധർമ്മം തെളിയാർന്ന ഭാവം.

ഭീമൻ അതി കായ രൂപ ബലവാൻ,
തനയൻ പട്ടടയിൽ  എരിഞ്ഞനേരം
കാണുവാൻ എത്തിയില്ലൊരു നോക്ക്
കരൾനൊന്തുരച്ചില്ല ഒരുവാക്ക്
പട്ടടയിൽ ഒരുകൊള്ളി അഗ്നി പകരുമ്പോൾ
കെട്ടഴിഞ്ഞൂർന്നു പോയ് ദുഃഖ പർവ്വം.
മിഴിനീരൊലിക്കുന്ന ഹൃദയാങ്കണം
പുത്ര വിയോഗ വിസ്ഫോടനം.

ഹിഡുംബന്റെ മൃതി, സഹന പാഠങ്ങൾ 
പ്രണയപാപത്തിൽ അടർന്നലിഞ്ഞ ശിലകൾ 
ഭീമനിൽ അനുരക്തയായ്, ദീനയാം പെണ്ണായ് 
മോഹിച്ചുണർന്ന അഭിനിവേശങ്ങളിൽ 
അവളിലെ സ്‌ത്രീത്വവും അടിമയായി 

മാ ഹിഡുംബായിൽ ഞാൻ പോയതില്ല
ശോകാർദ്ര താഴ്വര കണ്ടതില്ല
അഭിനവ ഹിഡുംബികൾ മൗനം ഭജിക്കുന്ന
നവ ഭാരതത്തിലാണെന്റെ വാസം.

അതികായ ഭീമർ നിരവധി ആണവർ
ചോരനീരൂറ്റി കടന്നു പോകും.
മ്രിതിജലം പകരാൻ അറച്ചുവെന്നാകിലും
അടിവയറ്റിൽ ജീവ ബീജം തരും.
അവരുടെ കണ്ണിൽ നുരഞ്ഞിടും കാമം
ഹിഡുംബികൾക്കോ സ്നേഹ ഭാവം
ലാളനം കെട്ടടങ്ങുന്ന നേരം
ആളിപ്പടർന്ന അനുതാപം.

തിരികെ യാത്രകൾ ഇല്ലാത്ത പാതയിൽ 
മൗനം കുടിച്ച തപം ചെയ്യലിൽ
അഴകിന്റെ വല്ലികൾ തുടരാതെ ഊർന്ന
'അഭിസാരിക' എന്ന പേരിൽ.

ഭാവ ശുദ്ധികൾ സ്ത്രീത്വങ്ങൾ 
ഭാവോജ്വല ച്ഛാൻസീ റാണികൾ 
തൊട്ടുണർത്തിയ രുദ്ര ഭൂമിയിൽ 
വീരേതിഹാസങ്ങൾ ആടിയ വേദിയിൽ 
അവിടെ ഇതാ നീചരാശികൾ ഉയിർക്കുന്നു 
അധർമ്മത്തിൻ അടരാടുകൾ തീർക്കുന്നു
ഇരുൾമറകളിൽ മൃഗ തീക്ഷ്ണമാം ഭാവങ്ങൾ
മൃതസഞ്ജീവനികൾ തേടും കറുപ്പുകൾ 
ആദികാലം മുതൽ പടർന്ന് 
അളവറിയാതെ കാലവും കടന്ന് 
ദ്രൗപതിയായി മണിയറകളിൽ അണയുന്നു
കുന്തിയായി കർണ്ണനെ ഒഴുക്കിലേറ്റുന്നു
ശകുന്തളയായി ശാപവും പേറുന്നു
മന്ഥരയായി അഥർവ്വ വേദ മന്ത്രങ്ങളിൽ 
മണ്ഡോദരിയായി ലങ്കാ പാർശ്വങ്ങളിൽ 
ശബരിയായ് ഗിരി ശൃംഗ തപോവനങ്ങളിൽ 
ശരണാർത്ഥിയായ് എത്ര സവിധങ്ങളിൽ 

ആർക്കിനി ക്ഷേത്രങ്ങൾ നാം പണിഞ്ഞീടണം 
ആർക്കുവേണ്ടി നമ്മൾ ജപം ചെയ്യണം 
ആരുടെ കണ്ണുനീർ തുടയ്ക്കുവാൻ ആകാതെ 
ആകാശ ഗോപുരം നാം പണിയണം.

മാ ഹിഡുംബായിൽ ഞാൻ ആദികവിയാകുന്നു
മറവികൾ തിരികെ യാചിച്ചിടുന്നു
കുടിയിരുത്തീടാം ഹിഡുംബികളെയൊക്കെയും 
കനലടുപ്പിൽ കഥകൾ ഹോമിച്ചിടാം.

Tuesday, December 2, 2014

നിഷാദനും ഞാനും








ശീതം ഉരുക്കുന്നു വൃശ്ചികം
ദീന ദീനം കുത്തുന്നു,
കൊമ്പ് കോർത്ത്‌ ഉണർത്തുന്നു 
നടവഴി ഇളക്കങ്ങൾ 
ഒടുക്കത്തെ കിലുക്കങ്ങൾ  
പതിയെ പതിയെ വക്ര ഭാഷകൾ.

ഞാനുണർന്നുപോയ്‌, രാവുപോകുംവരെ
നാടി മിടിപ്പിന്റെ കർണ്ണഭാരം
തലയിണയിൽ അമർന്ന പെരുമ്പറകളിൽ
തലയുയർത്തുമോ തരിമ്പുപോലും.

അരിക് കീറിയ പഴയ കമ്പിളിയിൽ
വെയിൽ മണം ചോരാതെ തങ്ങിടുന്നു.
അരികത്ത് ഭ്രാതാവ് അതിസാന്ദ്ര മൗനത്തിൽ
അഴകിന്റെ സ്വപ്‌നങ്ങൾ കോർത്തിടുന്നു.

ചകിരിക്കയറിൽ അടുക്കിയ തൊണ്ടുകൾ
ചകിതരായി കാറ്റിലുലഞ്ഞു പേശുന്നതോ
വാതം താങ്ങി മടുത്ത കറുമ്പിതൻ
വാതുറക്കാത്ത അമർച്ചയെന്നാകിലോ
കിഴക്ക് കോണിലായ് പടർന്ന ചെമ്പകം
കടപ്പിറാവുകൾ ചേക്കയാക്കുന്നതോ
നനുത്ത മഞ്ഞിൻ അസഹ്യമാം തീഷ്ണത
നരിച്ചീവീടുകൾ കടിച്ചു തിന്നുന്നതോ

പഴകിയെങ്കിലും പരിചിത സ്വരങ്ങളാൽ
ചകിതനാകുന്നു ഇടക്കിടക്കിങ്ങനെ

ധൃതിയിൽ ആരോ നടക്കുന്ന പോലെയോ
നിലത്തിട്ടെന്തോ ഇഴക്കുന്ന പോലെയോ
കത്തി രാകി മൂർച്ച കൂട്ടുന്നതോ
കത്തുന്ന തീ പടർന്നു കാളുന്നതോ
അതിഘോരമാകുന്ന വൃശ്ചിക രാവിനെ
അസഹിഷ്ണമായ് തലോടുന്ന കാറ്റോ
പുത്ര ദുഖത്തിൻ അലമുറ സഹ്യനിൽ
തൊട്ടു തൊട്ടങ്ങ് ഉയർന്നു വരുന്നതോ

തിര നിറയ്ക്കുന്ന കാണുകിൽ ഈ വിധം
ശനിപിടിക്കുന്ന രാത്രി വന്നെത്തിടും
അശനിപാതങ്ങൾ ഒടുങ്ങാതെ ആയിടും
അറവുശാല അതി രൂക്ഷമായിടും.

തണുത്തുറഞ്ഞ നനുത്ത പ്രഭാതത്തിൽ
തകിൽപ്പുറം തൊട്ടുണർന്നു തുടങ്ങുകിൽ
അടക്കി ശ്വാസം അടക്കി ഞാൻ ചെന്നങ്ങു
കിഴക്കേ ചായ്പ്പിൽ ഒളിച്ചു നോക്കീടുകിൽ

തുറിച്ച കണ്ണിൽ നിന്നൊലിച്ച മിഴിനീരും
തെറിച്ചു വറ്റിയ ചാലും നിരാശയും
പിരിഞ്ഞു പോകും  മുൻപേ സ്വജീവനെ
പിടിച്ചു നിർത്തുവാൻ ഉഴറിയ ഭാവവും.

എടുത്തു മാറ്റുവാൻ മറന്നുപോയൊരു
മുഴുത്ത ശിരസ്സൊന്ന്  നിലത്ത് കടക്കുന്നു.
പടർന്ന ചോരതൻ ചുവപ്പ് കറുപ്പിന്റെ
പടിപ്പുരയിൽ കിതച്ചു ചെന്നീടുന്നു.
പരിഭ്രമത്തിന്റെ കറുത്ത മുത്തുകൾ
കടിച്ചിറക്കി തുറിച്ചു നോക്കവേ
ഇറുത്തു വെക്കുന്നു ബലിഷ്ട്മാം കരം
വറുത്ത കരളിൻ മാംസകഷണങ്ങളെ
ഈറനൂർന്ന് കുതിർന്നുപോകുന്നോരാ -
ഇരുളിലോ  വാ പിളർന്നു കൊടുക്കവേ 
ഉരിച്ചു കെട്ടിയ തോലും
തെറിച്ചു തള്ളിയ കണ്ണും
ഉടക്കിടുന്നൂ മിഴികളിൽ.

കടഞ്ഞ് പൊങ്ങി പതഞ്ഞു വന്നൊരു
കടുത്ത ഛർദ്ദി ഭയത്തോടെ
കുടിച്ചിറക്കിയും, പാതന വൈര്യം
കടിച്ചിറക്കിയും ഇരുന്നിടും.

മൃഗത്തിൻ ചോരയൊലിക്കുന്ന മാംസവും
ചുമന്ന്  വന്ന് വഴികൾ തോറും
കിതച്ച് നില്ക്കിലും, അസഹ്യമാകുന്ന
ദുഷിച്ച ഗന്ധത്തെ ശപിക്കിലും
ശിരസ്സിലേറ്റണം ജന്മാന്തരങ്ങളിൽ
പടർന്നിടാതെ ശാപോക്തികൾ.


Monday, December 1, 2014

Live with Passion


My friend Raj is very passionate about Royal Enfield. He have a best 1998 model Royal enfield and like to ride with it. It have right side gear shift and left side break. His friends and co workers frequently ask this question "Are you selling it?" He replied always with a smile "No... Its my passion". And he always says 1998 model bullet is rare one.
Why are people so passionate about their Bullets and say riding a Royal Enfield is an experience like none other?

Royal Enfield and the passion associated with it. Well in some sense people generally don't buy bullet out of necessity they buy it with for a pride. The way people like to ride bullet is not in rush but rather in peace, calmly enjoying the ride itself instead of speeding to reach destination. Unlike other bike owners Bulleteer forms a brotherhood among them. Go for a ride with group of bulleteer and you will understand what I mean. It’s powerful, classic, beautiful, stable and over all its distinctive.



Raj riding his Royal Enfield ...

Tuesday, November 18, 2014

"ഞങ്ങളുടെ കൊച്ച് ഡോക്ടർ"

ഇയാളെ കണ്ടിട്ട് നിങ്ങൾക്ക് എന്തെല്ലാം ആണ് തോന്നുന്നത്?

അവശനായ ഒരു വൃദ്ധൻ ? അല്ലെങ്കിൽ വഴിയോരത്തെ ഒരു യാചകൻ ? അതും അല്ലെങ്കിൽ ജീവിതാന്ത്യത്തിൽ ഓർമ്മയുടെ ശിഖരങ്ങൾ അറ്റുപോയ ഒരു വയോവൃദ്ധൻ, അല്ലെ?

എന്നാൽ തെറ്റി. നിങ്ങളുടെ എല്ലാ മുൻവിധികളേയും പുശ്ച്ചിച്ചു ഞാൻ പറയട്ടെ, അതൊരു ഡോക്ടർ ആണ്. "ഞങ്ങളുടെ കൊച്ച് ഡോക്ടർ".
ഡോക്ടർ എന്ന് ആന്ഗലേയത്തിൽ പറഞ്ഞാൽ അരക്കോടിയുടെ എം ബി ബി എസ്സ് ബോർഡും കഴുത്തിൽ സ്തെതസ് കോപ്പും ഒരു എക്സിക്യൂട്ടീവ് ലുക്ക്‌ ഉം വേണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ.

ഇതൊന്നും ഇല്ലെങ്കിലും പൊടിയനും ഒരു ഡോക്ടർ തന്നെ ആണേ. വെറും ഡോക്ടർ എന്ന് പറഞ്ഞാൽ പോര. അത്യുഗ്രൻ ഡോക്ടർ തന്നെ ആണ്. എം ബി ബി എസ്സ് ഉള്ള ഡോക്ടറേക്കാൾ കേമൻ.

നാട്ടുവൈദ്യത്തിന്റെ ഉസ്താദ്. പത്ത് മിനിട്ട് പൊടിയനോട് സംസാരിക്കാൻ ക്ഷമ കാണിച്ചാൽ  നിങ്ങൾക്കും മനസ്സിലാകും ആ വലിയ സത്യം.

മടത്തറ ദേശത്തെ വനാന്തരങ്ങളിലും ഉൾപ്രദേശങ്ങളിലും അലഞ്ഞ് നടന്നും പ്രകൃതിയോട് മല്ലിട്ടും ഇണങ്ങിയും പൊടി ശേഖരിക്കുന്ന അപൂർവ്വ ഔഷധങ്ങളെക്കുറിച്ച് നാട്ടിലെ തലമൂത്തവർക്കൊക്കെ നന്നായി അറിയാം.
എന്നാൽ പുതിയ തലമുറയിൽപ്പെട്ടവർക്ക് 'പൊടി' കടത്തിണ്ണയിലെ ഒരു അഗതി മാത്രം ആണ്.

മൂത്രാശയ രോഗങ്ങൾ, വയറ്റിലെ പ്രശ്നങ്ങൾ, ശോധനയുടെ പ്രശ്നങ്ങൾ, ലൈഗിക പ്രശ്നങ്ങൾ, വൃക്കയിലെ കല്ല്‌, വിവിധ തരം വാതങ്ങൾ, ത്വക്കുരോഗങ്ങൾ തുടങ്ങി 
ഏത് അസുഖത്തിനും 'പൊടി' ഒരു നാടാൻ ചികിത്സാ വിധി പറയും. മരുന്നുകൾ ശേഖരിച്ച് കൊടുക്കുകയും ചെയ്യും.

ഔഷധങ്ങളും ചികിത്സാവിധികളും വനാന്തരത്തിലെ ഔഷധ സസ്യങ്ങളുടെ ഉറവിടങ്ങളും പൊടിയന് നന്നായി അറിയാം. തന്നെ സമീപിക്കുന്ന ഏതൊരാൾക്കും തെല്ലും മടിയില്ലാതെ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുകയും ചെയ്യും. എന്നാൽ ഈ അറിവുകള കൊണ്ടൊന്നും ആ പാവം മനുഷ്യന് സാമ്പത്തികമായ മെച്ചമൊന്നും കാണാനില്ല.

മല മടക്കുകളിലും വന്യമൃഗങ്ങൾ യധേഷ്ട്ടം വിഹരിക്കുന്ന ഉൾവനങ്ങളിലും നടന്ന് ഈ വൃദ്ധൻ ശേഖരിച്ച് കൊണ്ടുവരുന്നതൊക്കെ തുശ്ചമായ തുകയ്ക്കാണ് മറ്റുള്ളവർ കൈക്കലാക്കുന്നത്. പുറം ലോകത്തിന്റെ കപടതകൾ അധികമൊന്നും മനസ്സിലാക്കാൻ കഴിയാത്ത ഈ പാവത്തിനെ പലരും പറ്റിക്കുന്നു.

നിങ്ങൾക്കാർക്കെങ്കിലും ഈ മനുഷ്യനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ മടത്തറ ജഗ്ഷനിൽ വന്നാൽ മാത്രം മതി. ഔഷധങ്ങൾ തേടി വനത്തിലേയ്ക്ക് പോയിട്ടില്ലെങ്കിൽ ഏതെങ്കിലും ഒരു കടത്തിണ്ണയിൽ കുറെ ഔഷധ വേരുകൾക്കൊപ്പം കിടക്കുന്നുണ്ടാകും അയാൾ.


Tuesday, October 7, 2014

പേരുദോഷത്തിന്റെ കാരണം.

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ചില അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ ഞാൻ എന്റെ ഇരു ചക്ര ശകടത്തിൽ വനത്തിലേയ്ക്ക് പോകാറുണ്ട്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ആ കാനനഛായയിൽ അല്പസമയം ചിലവിടാൻ കഴിയാതെ പോയാൽ വല്ലാത്ത വിഷമം തന്നെ ആണ്. എന്റെ കൂട്ടുകാരും നാട്ടുകാരും പറയുന്നതുപോലെ ഈ വട്ട് ജന്മനാ തന്നെ രക്തത്തിൽ ഉണ്ടായിരുന്നതായിരിക്കണം. അച്ഛൻ പേരെടുത്ത ഒരു വേട്ടക്കാരൻ ആയിരുന്നെന്ന കാര്യം ഞാൻ മറച്ചുവെക്കുന്നില്ല. പല്ല് കൊഴിഞ്ഞിട്ടോ മക്കളെ പേടിച്ചിട്ടോ അതോ വയസുകാലത്ത് അഴി എണ്ണുവാനുള്ള താല്പര്യക്കുറവുകൊണ്ടോ അച്ഛൻ കുറച്ചു കാലമായി അത്തരം വീര സാഹസങ്ങൾക്കൊന്നും നിൽക്കാറില്ല.

മൃഗങ്ങളുടെ ശാപങ്ങൾ കൊണ്ടാണ് മക്കൾക്കുപോലും ഒരു ഗതി കിട്ടാതെ പോകുന്നത് എന്ന് അച്ഛനെ വേദനിപ്പിക്കുന്ന തരത്തിൽ ഞാൻ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. അല്പസ്വല്പം മദ്യപിക്കുന്നു എന്നതൊഴിച്ചാൽ ഇപ്പോൾ അച്ഛൻ ഒരു നല്ല കുട്ടി തന്നെ ആണ്.

ഞാൻ പറഞ്ഞു വന്നത് എന്റെ വന യാത്രയെക്കുറിച്ച് ആണ്.

ചിരപരിചിതർ ആയ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുകളും ഒക്കെ താമസമുള്ള ഒരു വഴിയിലൂടെ ആണ് ഞാൻ വനത്തിലേയ്ക്ക് പോകാറുള്ളത്. സാവധാനത്തിൽ മാത്രമേ അപ്പോൾ വാഹനം ഓടിക്കാറുള്ളൂ. വളരെ അടുപ്പമുള്ളവരെ കാണുമ്പോൾ അല്പം കുശലം പറയാനും മടിക്കാറില്ല. 


വനത്തിൽ ഞാൻ സ്ഥിരമായി ഇരിക്കാറുള്ള ചില ഇടങ്ങൾ ഉണ്ട്. അവിടെ ഇരുന്ന് അല്പം പാട്ട് കേൾക്കും. അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ ചിന്തിച്ചുകൊണ്ട് കുറെ നേരം ഇരിക്കും. ചിലപ്പോൾ അടുത്ത ബന്ധമുള്ള ആരെയെങ്കിലും വിളിച്ച് സംസാരിക്കും. 

അവിടെ ഇരിക്കുമ്പോൾ കിട്ടുന്ന മനസ്സമാധാനവും ശാന്തതയും വേറെ എവിടെ കിട്ടാനാണ്‌. പ്രകൃതിയും ഞാനും മാത്രം ആകുന്ന സുന്ദര നിമിഷങ്ങൾ.

കഴിഞ്ഞ പത്ത് പന്ത്രണ്ട് കൊല്ലമായി ഇതെന്റെ ജീവിതചര്യ തന്നെയാണ്. ആനയും പന്നിയും ഒക്കെ ഉള്ള കാടാണെങ്കിലും കുഞ്ഞുനാളുമുതൽ ഓടിക്കളിച്ചു വളർന്ന അവിടം മറ്റെവിടെത്തേക്കാളും മനോധൈര്യം  എനിക്ക് പകർന്നേകിയിട്ടേ ഉള്ളൂ. 

ചില ദിവസങ്ങളിൽ നിലാവുദിച്ച് ഏറെക്കഴിഞ്ഞ് നക്ഷത്രങ്ങളോടും സംവാദം കഴിഞ്ഞാവും മടക്കം. 

വർഷങ്ങളായി അനുവർത്തിക്കുന്ന ശീലം ആയിരുന്നതിനാൽ ഈ പ്രവർത്തിയുടെ പൊതുജന സംസാരത്തെക്കുറിച്ച് അടുത്ത കാലം വരെ ഞാൻ തെല്ലും ബോധവാൻ ആയിരുന്നതേ ഇല്ല.

കുറച്ചു ദിവസം മുൻപ് ഒരു സായാഹ്നത്തിൽ ഞാൻ വനത്തിലേയ്ക്ക് പോവുകയായിരുന്നു. വഴിയിൽവെച്ച് എന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു ചേച്ചിയെ കാണാൻ ഇടയായി. എന്റെ കല്യാണത്തിനു പങ്കെടുക്കാൻ പറ്റാത്തതിന്റെ സങ്കടവും മറ്റ് കുടുംബ കാര്യങ്ങളും സംസാരിക്കുന്ന കൂട്ടത്തിൽ എന്നോട് ചോദിച്ചു എങ്ങോട്ടാണ് പോകുന്നതെന്ന്. 

'അല്പം കാറ്റുകൊള്ളാൻ' എന്ന് ഞാൻ പറഞ്ഞതും അവരുടെ മുഖം പെട്ടെന്ന് മാറി.

ശബ്ദം അല്പം താഴ്ത്തി ഒരു ഉപദേശത്തിന്റെ മട്ടിൽ അവർ പറഞ്ഞു "ഇനി ഇതൊക്കെ നിർത്തണം, കല്യാണം ഒക്കെ കഴിഞ്ഞില്ലേ ഇനി ഈ വക ഇടപാടുകൾക്കൊന്നും നിൽക്കരുത്".

ഞാൻ ആകെ ഇഞ്ചി കടിച്ചതുപോലെ ആയി. അവർ പറഞ്ഞത് എന്താണെന്ന് മനസിലാകാതെ ഞാനും പറഞ്ഞത് ശരിയായോ എന്നറിയാതെ അവരും പരസ്പരം നോക്കി.

ഒടുവിൽ ഗത്യന്തരമില്ലാതെ ഞാൻ ചോദിച്ചു 'ചേച്ചി എന്താണ് ഉദേശിക്കുന്നത്' എന്ന്.

"നീ ഒന്നും പറയണ്ട. വെള്ളമടിക്കാനും സിഗരെറ്റ്‌ വലിക്കാനും അല്ലെ നീയൊക്കെ കാട്ടിലേയ്ക്ക് പോകുന്നത്. അവിടെ ആകുമ്പോൾ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ".

 പിന്നെ അധികം ചേച്ചിയോട് സംസാരിക്കാൻ നിന്നില്ല. തർക്കിച്ച് വിജയിക്കേണ്ട ഒരു ആവശ്യവും എന്നെ സംബന്ധിച്ച് ഈ വിഷയത്തിന് ഉണ്ടായിരുന്നില്ല. അവിചാരിതമായി വന്ന അഭിമാന ക്ഷതവുമായി ഞാൻ കാട്ടിലേയ്ക്ക് തന്നെ പോയി.

ആലോചിച്ചപ്പോൾ മനസിലായ ഒരു കാര്യം, ആ ചേച്ചിയെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല എന്നുള്ളതാണ്. 
നാട്ടുകാരിൽ പലരും മദ്യപിക്കുവാൻ സംഘം ചേർന്ന് ഇവിടെ വരാറുണ്ട്. കൂട്ടുകാരോടൊപ്പം പലപ്പോഴും ഞാനും വന്നിട്ടുണ്ട്.
ആടുമാടുകൾക്ക് തോലൊടിക്കാനും വിറക് ശേഖരണത്തിനും വരുന്ന സ്ത്രീജനങ്ങൾക്ക് പലപ്പോഴും ഇങ്ങനെ ഉള്ള സംഘങ്ങളെ ഭയമാണ്. 
അതുകൊണ്ട് തന്നെ വെറുതേ കാട് കാണാം എന്ന് കരുതി ചെല്ലുന്നവരെയെല്ലാം വെള്ളമടിക്കാൻ എത്തിയവർ എന്നാണ് സ്ത്രീജന സംസാരം.

കഴിഞ്ഞ പത്തുപന്ത്രണ്ട് കൊല്ലമായി ഞാൻ കാട്ടിൽ എല്ലാ ആഴ്ചയും പോകാറുണ്ട്. എന്നെക്കുറിച്ച് നാട്ടുകാരുടെ ധാരണ ഏകദേശം പിടികിട്ടി. 

(ധിക്കാരം : ദൈവത്തോടല്ലാതെ മറ്റാരോടും എനിക്ക് ഒന്നും തന്നെ ബോധ്യപ്പെടുത്തേണ്ടതായിട്ട് ഇല്ല.)

Monday, July 28, 2014

വേളിയന്‍കാല


വേളിയന്‍കാല കത്തുന്നു.
ചാര ധൂമങ്ങള്‍ വനാന്തരേ.
വേനലേറെ കനത്തതിന്‍
മൂര്‍ധന്യമാണ് ഇനി ഏറെ.
വാക്കുകള്‍ ഇടുങ്ങിയ വാതായനങ്ങളില്‍ 
നോക്കുകയായിരുന്നപ്പോള്‍.
ഉള്ളൊന്നു കാളി, ഞാന്‍ ഏന്തി നോക്കി
പിന്നെ ചില്ലുവാതില്‍ ചാരി പിന്തിരിഞ്ഞു.

കാട്ടുതീ കളിപ്രായത്തില്‍ കണ്ടു നിന്നൂ 
ആശ തീരുവോളം.
ദൂരെ മലകളില്‍ പടരുന്ന തീ
കണ്ണിനുത്സവമായിരുന്നേറെ നേരം.
വലിയ നാളങ്ങള്‍ നോക്കി, കണ്ണെത്താ
പുകപടലങ്ങള്‍ എണ്ണി
കാട്ട് തീയുടെ ചൂടറിയാതെ 
ഞാന്‍ വീട്ടില്‍ നിന്നു ചിരിച്ചു.

മീനമാസ വെറിയേറ്റ നാമ്പുകള്‍ 
വീണ്ടും തളിര്‍ക്കും എന്ന ആശകള്‍.
ചാഞ്ഞു ധരണിതന്‍ മിടിപ്പേറി നില്‍ക്കുമ്പോഴും
ചാഞ്ഞു പോകാത്ത നല്ല പ്രതീക്ഷകള്‍
പുകപടലങ്ങലായ് ഉയര്‍ന്നു മേഘങ്ങളെ 
പുണരുവാനായി മണ്ടിടുമ്പോള്‍,
ഇന്നലത്തെ പൂക്കാലമേ
നിന്നെ ഓര്‍ത്തിടട്ടെ ഞാന്‍.

ദൃഷ്ടി മാറ്റുവാന്‍ ആകുന്നില്ല, പക്ഷെ 
ആ ദിക്ക് നോക്കി ഞാന്‍ ചിരിച്ചില്ല.
കൌതുകങ്ങള്‍ കടന്നേറെ യൌവനം
കണ്ണു നീരിന്‍ പാഠശാലയില്‍
ചൊല്ലി പഠിക്കുന്നു
തല്ലി പഠിപ്പിക്കുന്നു
തള്ളിക്കള എന്ന് ചൊല്ലിടുന്നു.

ആണ്ടുതോറും വിവസ്ത്രയായി
ആധി പൂണ്ടു പിടഞ്ഞു നീ.
ആടകള്‍ ചുട്ടു ചാമ്പലാക്കുന്നു.
കനലുകളാല്‍ കവചം ധരിക്കുന്നു.

വേളിയന്‍റെ വേലയാകാം
വേലയില്ലാ വേലയാകാം
വേര്‍പ്പ് നീട്ടി ഈ വേല കാട്ടി
മൂര്‍ത്തി എന്തു നേടുന്നു.
വേളിയന്‍റെ ഫണങ്ങള്‍ എന്നെന്നും
കാത്തിടുന്നു ഗ്രാമത്തിനെ
കാട്ടു തീയും കനത്ത പേമാരിയും
കാട്ടിടുന്നു അതിജീവനങ്ങളെ.

രക്ഷയും ശിക്ഷയും ഒരേ കൈകളാല്‍
മൂര്‍ത്തി ദുഷ്ട്ടനോ ഏറെ ഇഷ്ട്ടനോ?

ആദ്യ മഴ മേഘം തുളുമ്പി വീഴുമ്പോള്‍ മുതല്‍
നാമ്പുകള്‍ മുള പൊട്ടിടും.
ആത്മാവില്‍ ഹരിതാഭ ഹര്‍ഷ വായ്പ്പോടെ 
തളിരുകള്‍ തിങ്ങി നിറഞ്ഞിടും.
പിന്നെ വസന്തം നിറയുന്ന കാലം.
പൂക്കള്‍ എങ്ങും നിരന്ന സൗകുമാര്യം.
കണ്ണുകള്‍ തെല്ലൊന്നടച്ചാല്‍ തുമ്പികള്‍
കര്‍ണ്ണാമൃതം പൊഴിക്കും ഗാന ലോകം. 
ദൂരെയുണ്ടൊരു വേനലെന്നറിയാതെ
കാറ്റ് വീശിടും താളം പിടിച്ചിടും.
വേനലിങ്ങു വന്നെത്തിയാല്‍ തളിരുകള്‍
വാടിക്കരിഞ്ഞിടും ഏറെ പൊഴിഞ്ഞിടും.

ജീവിതത്തിന്‍ നെരിപ്പോടില്‍ മുഖം പൊത്തി
തേങ്ങി നില്‍ക്കുന്ന മനസ്സുപോലെ.
ഈ താഴ്‌വാരങ്ങളിൽ നിഴലനക്കങ്ങളായ്
ചായുന്നോരുടെ കിനാവുപോലെ. 

വേളിയന്‍കാലയില്‍ അഗ്നിയാണ്.
അഗ്നിയെന്നാല്‍ അത് ശുദ്ധിയാണ്‌.
അഗ്നിയില്‍ മാറ്റുരക്കയാണവള്‍
ജനക പുത്രിയെ പോലെ.