Tuesday, October 7, 2014

പേരുദോഷത്തിന്റെ കാരണം.

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ചില അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ ഞാൻ എന്റെ ഇരു ചക്ര ശകടത്തിൽ വനത്തിലേയ്ക്ക് പോകാറുണ്ട്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ആ കാനനഛായയിൽ അല്പസമയം ചിലവിടാൻ കഴിയാതെ പോയാൽ വല്ലാത്ത വിഷമം തന്നെ ആണ്. എന്റെ കൂട്ടുകാരും നാട്ടുകാരും പറയുന്നതുപോലെ ഈ വട്ട് ജന്മനാ തന്നെ രക്തത്തിൽ ഉണ്ടായിരുന്നതായിരിക്കണം. അച്ഛൻ പേരെടുത്ത ഒരു വേട്ടക്കാരൻ ആയിരുന്നെന്ന കാര്യം ഞാൻ മറച്ചുവെക്കുന്നില്ല. പല്ല് കൊഴിഞ്ഞിട്ടോ മക്കളെ പേടിച്ചിട്ടോ അതോ വയസുകാലത്ത് അഴി എണ്ണുവാനുള്ള താല്പര്യക്കുറവുകൊണ്ടോ അച്ഛൻ കുറച്ചു കാലമായി അത്തരം വീര സാഹസങ്ങൾക്കൊന്നും നിൽക്കാറില്ല.

മൃഗങ്ങളുടെ ശാപങ്ങൾ കൊണ്ടാണ് മക്കൾക്കുപോലും ഒരു ഗതി കിട്ടാതെ പോകുന്നത് എന്ന് അച്ഛനെ വേദനിപ്പിക്കുന്ന തരത്തിൽ ഞാൻ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. അല്പസ്വല്പം മദ്യപിക്കുന്നു എന്നതൊഴിച്ചാൽ ഇപ്പോൾ അച്ഛൻ ഒരു നല്ല കുട്ടി തന്നെ ആണ്.

ഞാൻ പറഞ്ഞു വന്നത് എന്റെ വന യാത്രയെക്കുറിച്ച് ആണ്.

ചിരപരിചിതർ ആയ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുകളും ഒക്കെ താമസമുള്ള ഒരു വഴിയിലൂടെ ആണ് ഞാൻ വനത്തിലേയ്ക്ക് പോകാറുള്ളത്. സാവധാനത്തിൽ മാത്രമേ അപ്പോൾ വാഹനം ഓടിക്കാറുള്ളൂ. വളരെ അടുപ്പമുള്ളവരെ കാണുമ്പോൾ അല്പം കുശലം പറയാനും മടിക്കാറില്ല. 


വനത്തിൽ ഞാൻ സ്ഥിരമായി ഇരിക്കാറുള്ള ചില ഇടങ്ങൾ ഉണ്ട്. അവിടെ ഇരുന്ന് അല്പം പാട്ട് കേൾക്കും. അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ ചിന്തിച്ചുകൊണ്ട് കുറെ നേരം ഇരിക്കും. ചിലപ്പോൾ അടുത്ത ബന്ധമുള്ള ആരെയെങ്കിലും വിളിച്ച് സംസാരിക്കും. 

അവിടെ ഇരിക്കുമ്പോൾ കിട്ടുന്ന മനസ്സമാധാനവും ശാന്തതയും വേറെ എവിടെ കിട്ടാനാണ്‌. പ്രകൃതിയും ഞാനും മാത്രം ആകുന്ന സുന്ദര നിമിഷങ്ങൾ.

കഴിഞ്ഞ പത്ത് പന്ത്രണ്ട് കൊല്ലമായി ഇതെന്റെ ജീവിതചര്യ തന്നെയാണ്. ആനയും പന്നിയും ഒക്കെ ഉള്ള കാടാണെങ്കിലും കുഞ്ഞുനാളുമുതൽ ഓടിക്കളിച്ചു വളർന്ന അവിടം മറ്റെവിടെത്തേക്കാളും മനോധൈര്യം  എനിക്ക് പകർന്നേകിയിട്ടേ ഉള്ളൂ. 

ചില ദിവസങ്ങളിൽ നിലാവുദിച്ച് ഏറെക്കഴിഞ്ഞ് നക്ഷത്രങ്ങളോടും സംവാദം കഴിഞ്ഞാവും മടക്കം. 

വർഷങ്ങളായി അനുവർത്തിക്കുന്ന ശീലം ആയിരുന്നതിനാൽ ഈ പ്രവർത്തിയുടെ പൊതുജന സംസാരത്തെക്കുറിച്ച് അടുത്ത കാലം വരെ ഞാൻ തെല്ലും ബോധവാൻ ആയിരുന്നതേ ഇല്ല.

കുറച്ചു ദിവസം മുൻപ് ഒരു സായാഹ്നത്തിൽ ഞാൻ വനത്തിലേയ്ക്ക് പോവുകയായിരുന്നു. വഴിയിൽവെച്ച് എന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു ചേച്ചിയെ കാണാൻ ഇടയായി. എന്റെ കല്യാണത്തിനു പങ്കെടുക്കാൻ പറ്റാത്തതിന്റെ സങ്കടവും മറ്റ് കുടുംബ കാര്യങ്ങളും സംസാരിക്കുന്ന കൂട്ടത്തിൽ എന്നോട് ചോദിച്ചു എങ്ങോട്ടാണ് പോകുന്നതെന്ന്. 

'അല്പം കാറ്റുകൊള്ളാൻ' എന്ന് ഞാൻ പറഞ്ഞതും അവരുടെ മുഖം പെട്ടെന്ന് മാറി.

ശബ്ദം അല്പം താഴ്ത്തി ഒരു ഉപദേശത്തിന്റെ മട്ടിൽ അവർ പറഞ്ഞു "ഇനി ഇതൊക്കെ നിർത്തണം, കല്യാണം ഒക്കെ കഴിഞ്ഞില്ലേ ഇനി ഈ വക ഇടപാടുകൾക്കൊന്നും നിൽക്കരുത്".

ഞാൻ ആകെ ഇഞ്ചി കടിച്ചതുപോലെ ആയി. അവർ പറഞ്ഞത് എന്താണെന്ന് മനസിലാകാതെ ഞാനും പറഞ്ഞത് ശരിയായോ എന്നറിയാതെ അവരും പരസ്പരം നോക്കി.

ഒടുവിൽ ഗത്യന്തരമില്ലാതെ ഞാൻ ചോദിച്ചു 'ചേച്ചി എന്താണ് ഉദേശിക്കുന്നത്' എന്ന്.

"നീ ഒന്നും പറയണ്ട. വെള്ളമടിക്കാനും സിഗരെറ്റ്‌ വലിക്കാനും അല്ലെ നീയൊക്കെ കാട്ടിലേയ്ക്ക് പോകുന്നത്. അവിടെ ആകുമ്പോൾ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ".

 പിന്നെ അധികം ചേച്ചിയോട് സംസാരിക്കാൻ നിന്നില്ല. തർക്കിച്ച് വിജയിക്കേണ്ട ഒരു ആവശ്യവും എന്നെ സംബന്ധിച്ച് ഈ വിഷയത്തിന് ഉണ്ടായിരുന്നില്ല. അവിചാരിതമായി വന്ന അഭിമാന ക്ഷതവുമായി ഞാൻ കാട്ടിലേയ്ക്ക് തന്നെ പോയി.

ആലോചിച്ചപ്പോൾ മനസിലായ ഒരു കാര്യം, ആ ചേച്ചിയെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല എന്നുള്ളതാണ്. 
നാട്ടുകാരിൽ പലരും മദ്യപിക്കുവാൻ സംഘം ചേർന്ന് ഇവിടെ വരാറുണ്ട്. കൂട്ടുകാരോടൊപ്പം പലപ്പോഴും ഞാനും വന്നിട്ടുണ്ട്.
ആടുമാടുകൾക്ക് തോലൊടിക്കാനും വിറക് ശേഖരണത്തിനും വരുന്ന സ്ത്രീജനങ്ങൾക്ക് പലപ്പോഴും ഇങ്ങനെ ഉള്ള സംഘങ്ങളെ ഭയമാണ്. 
അതുകൊണ്ട് തന്നെ വെറുതേ കാട് കാണാം എന്ന് കരുതി ചെല്ലുന്നവരെയെല്ലാം വെള്ളമടിക്കാൻ എത്തിയവർ എന്നാണ് സ്ത്രീജന സംസാരം.

കഴിഞ്ഞ പത്തുപന്ത്രണ്ട് കൊല്ലമായി ഞാൻ കാട്ടിൽ എല്ലാ ആഴ്ചയും പോകാറുണ്ട്. എന്നെക്കുറിച്ച് നാട്ടുകാരുടെ ധാരണ ഏകദേശം പിടികിട്ടി. 

(ധിക്കാരം : ദൈവത്തോടല്ലാതെ മറ്റാരോടും എനിക്ക് ഒന്നും തന്നെ ബോധ്യപ്പെടുത്തേണ്ടതായിട്ട് ഇല്ല.)