Monday, March 9, 2015

ഈയലുകൾ ...!


ഒരു കോടി സ്വപ്‌നങ്ങൾ ഇതളിട്ടു നിൽക്കുന്നോ 
കരിമേഘ മറകൾക്ക് താഴെ.
ഒരായിരം പേമാരി ഉതിരുവാൻ ഉണ്ടെന്നോ 
വിറകൊണ്ട ഭൂമിതൻ മാറിൽ.

നനവുനൂലിഴപോൽ സുതാര്യമാം ചിറകിനാൽ 
നഭസ്സിലേയ്ക്കുയരട്ടെ ഞങ്ങൾ.
ഇതളിടും ആയിരം വർണ്ണ പ്രതീക്ഷകൾ 
ഇടനെഞ്ചിൽ ഉതിരട്ടെ വീണ്ടും.

അളവുകോലില്ലാതെ ആകാശഗോപുരം 
അനസ്യൂതം തിരയുന്നു ഞങ്ങൾ 
ചിറകുകൾ പൊഴിയുവാൻ വെമ്പി നിൽക്കുമ്പോഴും 
ചിരി തൂകി അലഞ്ഞു പായുന്നു.

ധ്യാന നിമഗ്നരായ് മാക്രി സന്യാസിമാർ 
ശാപ്പാട് നോക്കി ഇരിക്കെ 
നിലതെറ്റി വീഴുന്ന ചിറകുകൾക്കിടയിൽ 
ഇരതൻ ചലനം ഗ്രഹിക്കേ 
ഞങ്ങൾ ഈ വാനിൽ വർണ്ണ പ്രതീക്ഷയാൽ
മണ്ടിപ്പറക്കുന്നു വീണ്ടും.

സന്താപമൊക്കെ അകന്ന് പോയീടുവാൻ 
ഭൂമിതൻ വിണ്ടലിൻ ദാഹം ശമിക്കാൻ.
സൗരഭ്യം എങ്ങും തിരികെ വന്നീടുവാൻ 
സായൂജ്യരായി മരിക്കാൻ.

ചിറകറ്റ് ഞങ്ങൾ നിപതിച്ചു ഭൂമിയിൽ 
അഭയം തിരക്കി നടക്കെ 
ഇരയായി തീർന്നിടാം ഉരഗങ്ങൾക്ക്, എങ്കിലും 
ഉണരുന്ന ഭൂമിയെ കാണും.

വാടിക്കരിഞ്ഞ തളിരുകൾ പ്രതീക്ഷതൻ 
വാതായനങ്ങളിൽ പുൽകി 
ഭാസുര സ്വപ്ന മീമാംസയാൽ ജീവന്റെ 
ഭാവിയിലേയ്ക്ക് ഉറ്റുനോക്കി.

മൃതി വരം ചേരാതെ സർവ്വ ചരാചരം  
മൃത സന്ജീവനിയിൽ ഉയരാൻ 
ഉരഗങ്ങൾ പ്രാണികൾ ഷഡ്‌പദങ്ങൾ പല 
ഉണർത്തു ഗാനങ്ങൾ മുഴക്കാൻ 
പുഴകൾ കളകള രവത്തോടെ അനുപദം 
പുതുമകളോടെ കുതിക്കാൻ 
ഹരിതാഭ നിറയുന്ന പ്രകൃതിയിൽ രാവിന് 
ഹരിണ പീയൂഷങ്ങൾ ചാർത്താൻ.  

മാറ്റത്തിൻ കാഹളം തീർത്ത് ചിറക് ഊർന്ന്‌ 
യാത്ര ചൊല്ലീയാർക്കുമ്പോൾ 
വിടതരുക, ക്ഷണികമാം ജീവിത യാത്രതൻ 
ക്ഷണ ഭംഗുരതകളിൽ നിന്നും.

Friday, February 6, 2015

മുഖാമുഖം



എന്റെ ചില മുഖപുസ്തക സൗഹൃദങ്ങൾക്ക് നേരിൽ കാണുമ്പോൾ സംസാരിക്കുവാൻ വലിയ മടിയാണ്. 

പഠനകാലത്തുള്ള സൗഹൃദങ്ങൾ വിലപ്പെട്ടതാണ്‌. സഹമുറിയൻ ആയിരിക്കേ സൗഹൃദങ്ങൾ വിലപ്പെട്ടതാണ്‌. കൂടെ ജോലി ചെയ്യുന്നവരുടെ സൗഹൃദങ്ങളും വിലപ്പെട്ടതാണ്‌. അയൽപ്പക്കത്തെ സൗഹൃദങ്ങൾ വിലപ്പെട്ടതാണ്‌. 

എന്തെന്നാൽ മുഖത്തോട് മുഖം കണ്ട് കണ്ണുകളിൽ ഹൃദയം കണ്ടാണ്‌ നാം സൗഹൃദം പങ്കിടുന്നത്. ആ സൗഹൃദത്തിന് വളരെ ആഴം ഉണ്ട്. ഏത് ആൾക്കൂട്ടത്തിൽ നമ്മെ കണ്ടാലും ഏത് സന്ദർഭത്തിൽ കണ്ടാലും ഒരു പുഞ്ചിരി കൊണ്ടെങ്കിലും നമ്മെ സ്പർശിക്കാതെ പോകാൻ കഴിയാത്ത ആഴം. ആ ആഴമാണ് മുഖ പുസ്തകത്തിലെ സൗഹൃദങ്ങളിൽ എനിക്ക് കണ്ടെത്തുവാൻ കഴിയാത്തത്. അപൂർവ്വം നല്ല സൗഹൃദങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും മുഖ പുസ്തക സൗഹൃദങ്ങൾക്ക് ഞാൻ ഒരു അതിർവരമ്പ് തീർത്തിട്ടുണ്ട്.
_________________________________________________________________________________________




മുഖ പുസ്തകത്തിൽ അവധൂതൻ ആകവേ  
വിരൽ തുമ്പിൽ തുടിക്കുന്നൂ വിപ്ലവങ്ങൾ.
വിരൽ വേഗം കടുത്താലും 
വിരുതെണ്ണി മടുത്താലും  
ഉയർത്തുവാൻ മടിക്കുന്നു ശിരസ്സെന്നാളും.

കാലുവീശി പന്ത് ദൂരെ തെറിക്കേണ്ടില്ല.
കാലനക്കി ചവിട്ടി തെരുക്കൂത്തില്ല.
വിയർപ്പൊട്ടി നാലുപേരിൽ രസക്കേടില്ല 
വിരുതൊരു അയൽക്കാർക്കും പിടിവീഴില്ല.
അകം പുറം തിരഞ്ഞീടാൻ മെനക്കേടില്ല
അനുഭവ പുറപ്പാടാൽ അകം പൊള്ളില്ല.

അരികിലെ ഹൃദയങ്ങൾ പിടയുന്നതറിയേണ്ട 
അകലങ്ങൾ തിരയുവാൻ മടിയും വേണ്ട.

ഉരുകുന്നു ഹൃദയങ്ങൾ വിരൽ തുമ്പത്ത് 
ഉരുകുന്നു യൗവ്വനത്തിൻ കളഭച്ചാർത്ത് 
ഉരുകുന്നു മൗലികത്തിൻ നിറവും നേരും 
ഉരുകാതെ ഇരിക്കുമോ മനസ്സെന്നാളും 

എന്റെ മുഖ പുസ്തകത്തിൽ വന്നണഞ്ഞെന്നാൽ 
സൗഹൃദങ്ങൾ സല്ലപിക്കാൻ വന്നുദിക്കുന്നു.
സൗഹൃദ സംഭാഷണങ്ങൾ, വിശേഷങ്ങൾ കഴിയുമ്പോൾ   
സന്ദർശനത്തിൻ മാറ്റൊരൽപ്പം ഉയർന്നീടുന്നു.
ഞാനും അൽപ്പം ഉണർന്നല്ലോ നാലുപേർ അറിയുന്നല്ലോ 
മാറ്റം എന്റെ ജീവിതത്തിൽ വരുന്നുണ്ടല്ലോ.

ഒരുപാട് വിശേഷങ്ങൾ പറഞ്ഞങ്ങ് മറഞ്ഞവർ, 
നടവഴി മുഖം തരാൻ അറച്ചീടുമ്പോൾ 
ഒരു മാത്ര വിളിക്കുവാൻ മടിക്കുന്നു, മനസ്സിതാ 
ഒരു മാത്ര സൗഹൃദത്തെ മറന്നീടുന്നു.

ജീവിതക്കനൽ വഴി കടക്കുമ്പോൾ ഗ്രഹിക്കുന്ന 
കരങ്ങളിൽ പടർന്ന് നാം കരയേറുമ്പോൾ.
കനൽ വെട്ടം സ്ഫുരിക്കുന്ന കണ്ണുകളാൽ  
അകക്കണ്ണ് തുരന്ന് നാം അളന്നീടുമ്പോൾ  
മനുഷ്യത്വം നുരയുന്നതറിയുകിൽ മടിക്കാതെ 
മനസ്സോടെ സൗഹൃദത്തിൽ അണഞ്ഞീടുകിൽ 
കരം ചേർത്തു നടക്കുക ഒഴുക്ക് നാം കടക്കുക 
ഹൃദയം കൊണ്ടളക്കുക ആഴമെന്നാളും.

മുഖപുസ്തകമെന്നും ആമുഖങ്ങൾ മാത്രമാകും 
മുഖപടം തൊട്ട് താനേ പിരിഞ്ഞു പോകും 
വിരൽതുമ്പിൽ വിപ്ലവങ്ങൾ വിരുതെണ്ണി മടുത്തങ്ങ് 
വിരൽ വേഗം തളർന്നു നാം തിരിച്ചെത്തീടും  
ഒരു മാത്ര പുഞ്ചിരിക്കാൻ, ഒരു തുടം ജലം തേകാൻ 
ഒരായിരം ഓർമ്മകളിൽ നിറം ചാർത്തീടാൻ 
കരുതുക സൗഹൃദങ്ങൾ ഇടം നെഞ്ചിൻ കയങ്ങളിൽ 
കടലാഴങ്ങളിൽ വരെ കരുത്തേകീടാൻ.