വേളിയന്‍കാല കത്തുന്നു.
ചാര ധൂമങ്ങള്‍ വനാന്തരേ.
വേനലേറെ കനത്തതിന്‍
മൂര്‍ധന്യമാണ് ഇനി ഏറെ.
വാക്കുകള്‍ ഇടുങ്ങിയ വാതായനങ്ങളില്‍
നോക്കുകയായിരുന്നപ്പോള്‍.
ഉള്ളൊന്നു കാളി, ഞാന്‍ ഏന്തി നോക്കി
പിന്നെ ചില്ലുവാതില്‍ ചാരി പിന്തിരിഞ്ഞു.
കാട്ടുതീ കളിപ്രായത്തില്‍ കണ്ടു നിന്നൂ
ആശ തീരുവോളം.
ദൂരെ മലകളില്‍ പടരുന്ന തീ
കണ്ണിനുത്സവമായിരുന്നേറെ നേരം.
വലിയ നാളങ്ങള്‍ നോക്കി, കണ്ണെത്താ
പുകപടലങ്ങള്‍ എണ്ണി
കാട്ട് തീയുടെ ചൂടറിയാതെ
ഞാന്‍ വീട്ടില്‍ നിന്നു ചിരിച്ചു.
മീനമാസ വെറിയേറ്റ നാമ്പുകള്‍
വീണ്ടും തളിര്‍ക്കും എന്ന ആശകള്‍.
ചാഞ്ഞു ധരണിതന്‍ മിടിപ്പേറി നില്‍ക്കുമ്പോഴും
ചാഞ്ഞു പോകാത്ത നല്ല പ്രതീക്ഷകള്‍
പുകപടലങ്ങലായ് ഉയര്‍ന്നു മേഘങ്ങളെ
പുണരുവാനായി മണ്ടിടുമ്പോള്‍,
ഇന്നലത്തെ പൂക്കാലമേ
നിന്നെ ഓര്‍ത്തിടട്ടെ ഞാന്‍.
ദൃഷ്ടി മാറ്റുവാന്‍ ആകുന്നില്ല, പക്ഷെ
ആ ദിക്ക് നോക്കി ഞാന്‍ ചിരിച്ചില്ല.
കൌതുകങ്ങള്‍ കടന്നേറെ യൌവനം
കണ്ണു നീരിന്‍ പാഠശാലയില്‍
ചൊല്ലി പഠിക്കുന്നു
തല്ലി പഠിപ്പിക്കുന്നു
തള്ളിക്കള എന്ന് ചൊല്ലിടുന്നു.
ആണ്ടുതോറും വിവസ്ത്രയായി
ആധി പൂണ്ടു പിടഞ്ഞു നീ.
ആടകള്‍ ചുട്ടു ചാമ്പലാക്കുന്നു.
കനലുകളാല്‍ കവചം ധരിക്കുന്നു.
വേളിയന്‍റെ വേലയാകാം
വേലയില്ലാ വേലയാകാം
വേര്‍പ്പ് നീട്ടി ഈ വേല കാട്ടി
മൂര്‍ത്തി എന്തു നേടുന്നു.
വേളിയന്‍റെ ഫണങ്ങള്‍ എന്നെന്നും
കാത്തിടുന്നു ഗ്രാമത്തിനെ
കാട്ടു തീയും കനത്ത പേമാരിയും
കാട്ടിടുന്നു അതിജീവനങ്ങളെ.
രക്ഷയും ശിക്ഷയും ഒരേ കൈകളാല്‍
മൂര്‍ത്തി ദുഷ്ട്ടനോ ഏറെ ഇഷ്ട്ടനോ?
ആദ്യ മഴ മേഘം തുളുമ്പി വീഴുമ്പോള്‍ മുതല്‍
നാമ്പുകള്‍ മുള പൊട്ടിടും.
ആത്മാവില്‍ ഹരിതാഭ ഹര്‍ഷ വായ്പ്പോടെ
തളിരുകള്‍ തിങ്ങി നിറഞ്ഞിടും.
പിന്നെ വസന്തം നിറയുന്ന കാലം.
പൂക്കള്‍ എങ്ങും നിരന്ന സൗകുമാര്യം.
കണ്ണുകള്‍ തെല്ലൊന്നടച്ചാല്‍ തുമ്പികള്‍
കര്‍ണ്ണാമൃതം പൊഴിക്കും ഗാന ലോകം.
ദൂരെയുണ്ടൊരു വേനലെന്നറിയാതെ
കാറ്റ് വീശിടും താളം പിടിച്ചിടും.
വേനലിങ്ങു വന്നെത്തിയാല്‍ തളിരുകള്‍
വാടിക്കരിഞ്ഞിടും ഏറെ പൊഴിഞ്ഞിടും.
ജീവിതത്തിന്‍ നെരിപ്പോടില്‍ മുഖം പൊത്തി
തേങ്ങി നില്‍ക്കുന്ന മനസ്സുപോലെ.
ഈ താഴ്‌വാരങ്ങളിൽ നിഴലനക്കങ്ങളായ്
ചായുന്നോരുടെ കിനാവുപോലെ.
വേളിയന്‍കാലയില്‍ അഗ്നിയാണ്.
അഗ്നിയെന്നാല്‍ അത് ശുദ്ധിയാണ്.
അഗ്നിയില്‍ മാറ്റുരക്കയാണവള്‍
ജനക പുത്രിയെ പോലെ.




