Monday, March 9, 2015

ഈയലുകൾ ...!


ഒരു കോടി സ്വപ്‌നങ്ങൾ ഇതളിട്ടു നിൽക്കുന്നോ 
കരിമേഘ മറകൾക്ക് താഴെ.
ഒരായിരം പേമാരി ഉതിരുവാൻ ഉണ്ടെന്നോ 
വിറകൊണ്ട ഭൂമിതൻ മാറിൽ.

നനവുനൂലിഴപോൽ സുതാര്യമാം ചിറകിനാൽ 
നഭസ്സിലേയ്ക്കുയരട്ടെ ഞങ്ങൾ.
ഇതളിടും ആയിരം വർണ്ണ പ്രതീക്ഷകൾ 
ഇടനെഞ്ചിൽ ഉതിരട്ടെ വീണ്ടും.

അളവുകോലില്ലാതെ ആകാശഗോപുരം 
അനസ്യൂതം തിരയുന്നു ഞങ്ങൾ 
ചിറകുകൾ പൊഴിയുവാൻ വെമ്പി നിൽക്കുമ്പോഴും 
ചിരി തൂകി അലഞ്ഞു പായുന്നു.

ധ്യാന നിമഗ്നരായ് മാക്രി സന്യാസിമാർ 
ശാപ്പാട് നോക്കി ഇരിക്കെ 
നിലതെറ്റി വീഴുന്ന ചിറകുകൾക്കിടയിൽ 
ഇരതൻ ചലനം ഗ്രഹിക്കേ 
ഞങ്ങൾ ഈ വാനിൽ വർണ്ണ പ്രതീക്ഷയാൽ
മണ്ടിപ്പറക്കുന്നു വീണ്ടും.

സന്താപമൊക്കെ അകന്ന് പോയീടുവാൻ 
ഭൂമിതൻ വിണ്ടലിൻ ദാഹം ശമിക്കാൻ.
സൗരഭ്യം എങ്ങും തിരികെ വന്നീടുവാൻ 
സായൂജ്യരായി മരിക്കാൻ.

ചിറകറ്റ് ഞങ്ങൾ നിപതിച്ചു ഭൂമിയിൽ 
അഭയം തിരക്കി നടക്കെ 
ഇരയായി തീർന്നിടാം ഉരഗങ്ങൾക്ക്, എങ്കിലും 
ഉണരുന്ന ഭൂമിയെ കാണും.

വാടിക്കരിഞ്ഞ തളിരുകൾ പ്രതീക്ഷതൻ 
വാതായനങ്ങളിൽ പുൽകി 
ഭാസുര സ്വപ്ന മീമാംസയാൽ ജീവന്റെ 
ഭാവിയിലേയ്ക്ക് ഉറ്റുനോക്കി.

മൃതി വരം ചേരാതെ സർവ്വ ചരാചരം  
മൃത സന്ജീവനിയിൽ ഉയരാൻ 
ഉരഗങ്ങൾ പ്രാണികൾ ഷഡ്‌പദങ്ങൾ പല 
ഉണർത്തു ഗാനങ്ങൾ മുഴക്കാൻ 
പുഴകൾ കളകള രവത്തോടെ അനുപദം 
പുതുമകളോടെ കുതിക്കാൻ 
ഹരിതാഭ നിറയുന്ന പ്രകൃതിയിൽ രാവിന് 
ഹരിണ പീയൂഷങ്ങൾ ചാർത്താൻ.  

മാറ്റത്തിൻ കാഹളം തീർത്ത് ചിറക് ഊർന്ന്‌ 
യാത്ര ചൊല്ലീയാർക്കുമ്പോൾ 
വിടതരുക, ക്ഷണികമാം ജീവിത യാത്രതൻ 
ക്ഷണ ഭംഗുരതകളിൽ നിന്നും.