Friday, December 5, 2014

മാ ഹിഡുംബി



"ഭാരത ഇതിഹാസത്തിലെ വെറുമൊരു സ്ത്രീ കഥാപാത്രം അല്ല  'ഹിഡുംബി'. ജനിമൃതികൾക്കിടയിലൂടെ അവൾ നമ്മുടെ മുന്നിൽ വീണ്ടും വീണ്ടും കടന്നു പോകുമ്പോൾ നാം കാണുവാൻ ശ്രമിക്കുന്നില്ല എന്ന് മാത്രം."



കടംബുകൾ കാതോർത്ത ക്ഷേത്രത്തിലോ
വ്യാസമുനിയുടെ കഥാപാത്ര ശാസ്ത്രത്തിലോ
ബുധജനം ശ്രേഷ്ടമായ് ധ്യാനിച്ചിടുന്ന
ബിയാസ് നദിയുടെ വിരിമാറിലോ
ഗതികെട്ടൊരാത്മാവും അശാന്തിപർവ്വങ്ങളും
അലയടിച്ചീടുന്നുവെന്നോ.
അതിന്റെ മാറ്റൊലി കുമാരി മുനബോളം
അതിരൂക്ഷമാകുന്നുവെന്നോ
മാ ഹിഡുംബായിലെ ശോകാദ്ര താഴ്വ്വര
കാലവും തേടുന്നുവെന്നോ
ദ്രാവിഡപ്പെണ്ണിന് ലഭിക്കാത്ത നീതിതൻ
ശാപം ഗ്രഹിക്കുന്നുവെന്നോ

കരൾ തുറന്നൊന്നു നോക്കൂ
കണ്ണീരിൽ കനിഞ്ഞൊന്നുനോക്കൂ
കുലചിന്ത നട തള്ളിനോക്കൂ
സദ്കർമത്തോടോന്നുനോക്കൂ

എണ്ണമറ്റെത്രയൊ നഷ്ടങ്ങളൂന്നി
ധർമ്മ യുദ്ധത്തിന്റെ അന്ത്യനേരം.
പുത്ര ദുഃഖത്താൽ സ്തബ്ധയായ് നിന്നവൾ
ഒട്ടുനേരം മഹാ യുദ്ധ ഭൂവിൽ.
ഉരിയാടിയില്ലൊരു ശാപ വാക്കും,
പരിതേവനങ്ങളും ഗദ്ഗദവും.
പരമപ്രധാന മൗനമാം  ഭാഷയിൽ 
പതി ധർമ്മം തെളിയാർന്ന ഭാവം.

ഭീമൻ അതി കായ രൂപ ബലവാൻ,
തനയൻ പട്ടടയിൽ  എരിഞ്ഞനേരം
കാണുവാൻ എത്തിയില്ലൊരു നോക്ക്
കരൾനൊന്തുരച്ചില്ല ഒരുവാക്ക്
പട്ടടയിൽ ഒരുകൊള്ളി അഗ്നി പകരുമ്പോൾ
കെട്ടഴിഞ്ഞൂർന്നു പോയ് ദുഃഖ പർവ്വം.
മിഴിനീരൊലിക്കുന്ന ഹൃദയാങ്കണം
പുത്ര വിയോഗ വിസ്ഫോടനം.

ഹിഡുംബന്റെ മൃതി, സഹന പാഠങ്ങൾ 
പ്രണയപാപത്തിൽ അടർന്നലിഞ്ഞ ശിലകൾ 
ഭീമനിൽ അനുരക്തയായ്, ദീനയാം പെണ്ണായ് 
മോഹിച്ചുണർന്ന അഭിനിവേശങ്ങളിൽ 
അവളിലെ സ്‌ത്രീത്വവും അടിമയായി 

മാ ഹിഡുംബായിൽ ഞാൻ പോയതില്ല
ശോകാർദ്ര താഴ്വര കണ്ടതില്ല
അഭിനവ ഹിഡുംബികൾ മൗനം ഭജിക്കുന്ന
നവ ഭാരതത്തിലാണെന്റെ വാസം.

അതികായ ഭീമർ നിരവധി ആണവർ
ചോരനീരൂറ്റി കടന്നു പോകും.
മ്രിതിജലം പകരാൻ അറച്ചുവെന്നാകിലും
അടിവയറ്റിൽ ജീവ ബീജം തരും.
അവരുടെ കണ്ണിൽ നുരഞ്ഞിടും കാമം
ഹിഡുംബികൾക്കോ സ്നേഹ ഭാവം
ലാളനം കെട്ടടങ്ങുന്ന നേരം
ആളിപ്പടർന്ന അനുതാപം.

തിരികെ യാത്രകൾ ഇല്ലാത്ത പാതയിൽ 
മൗനം കുടിച്ച തപം ചെയ്യലിൽ
അഴകിന്റെ വല്ലികൾ തുടരാതെ ഊർന്ന
'അഭിസാരിക' എന്ന പേരിൽ.

ഭാവ ശുദ്ധികൾ സ്ത്രീത്വങ്ങൾ 
ഭാവോജ്വല ച്ഛാൻസീ റാണികൾ 
തൊട്ടുണർത്തിയ രുദ്ര ഭൂമിയിൽ 
വീരേതിഹാസങ്ങൾ ആടിയ വേദിയിൽ 
അവിടെ ഇതാ നീചരാശികൾ ഉയിർക്കുന്നു 
അധർമ്മത്തിൻ അടരാടുകൾ തീർക്കുന്നു
ഇരുൾമറകളിൽ മൃഗ തീക്ഷ്ണമാം ഭാവങ്ങൾ
മൃതസഞ്ജീവനികൾ തേടും കറുപ്പുകൾ 
ആദികാലം മുതൽ പടർന്ന് 
അളവറിയാതെ കാലവും കടന്ന് 
ദ്രൗപതിയായി മണിയറകളിൽ അണയുന്നു
കുന്തിയായി കർണ്ണനെ ഒഴുക്കിലേറ്റുന്നു
ശകുന്തളയായി ശാപവും പേറുന്നു
മന്ഥരയായി അഥർവ്വ വേദ മന്ത്രങ്ങളിൽ 
മണ്ഡോദരിയായി ലങ്കാ പാർശ്വങ്ങളിൽ 
ശബരിയായ് ഗിരി ശൃംഗ തപോവനങ്ങളിൽ 
ശരണാർത്ഥിയായ് എത്ര സവിധങ്ങളിൽ 

ആർക്കിനി ക്ഷേത്രങ്ങൾ നാം പണിഞ്ഞീടണം 
ആർക്കുവേണ്ടി നമ്മൾ ജപം ചെയ്യണം 
ആരുടെ കണ്ണുനീർ തുടയ്ക്കുവാൻ ആകാതെ 
ആകാശ ഗോപുരം നാം പണിയണം.

മാ ഹിഡുംബായിൽ ഞാൻ ആദികവിയാകുന്നു
മറവികൾ തിരികെ യാചിച്ചിടുന്നു
കുടിയിരുത്തീടാം ഹിഡുംബികളെയൊക്കെയും 
കനലടുപ്പിൽ കഥകൾ ഹോമിച്ചിടാം.

Tuesday, December 2, 2014

നിഷാദനും ഞാനും








ശീതം ഉരുക്കുന്നു വൃശ്ചികം
ദീന ദീനം കുത്തുന്നു,
കൊമ്പ് കോർത്ത്‌ ഉണർത്തുന്നു 
നടവഴി ഇളക്കങ്ങൾ 
ഒടുക്കത്തെ കിലുക്കങ്ങൾ  
പതിയെ പതിയെ വക്ര ഭാഷകൾ.

ഞാനുണർന്നുപോയ്‌, രാവുപോകുംവരെ
നാടി മിടിപ്പിന്റെ കർണ്ണഭാരം
തലയിണയിൽ അമർന്ന പെരുമ്പറകളിൽ
തലയുയർത്തുമോ തരിമ്പുപോലും.

അരിക് കീറിയ പഴയ കമ്പിളിയിൽ
വെയിൽ മണം ചോരാതെ തങ്ങിടുന്നു.
അരികത്ത് ഭ്രാതാവ് അതിസാന്ദ്ര മൗനത്തിൽ
അഴകിന്റെ സ്വപ്‌നങ്ങൾ കോർത്തിടുന്നു.

ചകിരിക്കയറിൽ അടുക്കിയ തൊണ്ടുകൾ
ചകിതരായി കാറ്റിലുലഞ്ഞു പേശുന്നതോ
വാതം താങ്ങി മടുത്ത കറുമ്പിതൻ
വാതുറക്കാത്ത അമർച്ചയെന്നാകിലോ
കിഴക്ക് കോണിലായ് പടർന്ന ചെമ്പകം
കടപ്പിറാവുകൾ ചേക്കയാക്കുന്നതോ
നനുത്ത മഞ്ഞിൻ അസഹ്യമാം തീഷ്ണത
നരിച്ചീവീടുകൾ കടിച്ചു തിന്നുന്നതോ

പഴകിയെങ്കിലും പരിചിത സ്വരങ്ങളാൽ
ചകിതനാകുന്നു ഇടക്കിടക്കിങ്ങനെ

ധൃതിയിൽ ആരോ നടക്കുന്ന പോലെയോ
നിലത്തിട്ടെന്തോ ഇഴക്കുന്ന പോലെയോ
കത്തി രാകി മൂർച്ച കൂട്ടുന്നതോ
കത്തുന്ന തീ പടർന്നു കാളുന്നതോ
അതിഘോരമാകുന്ന വൃശ്ചിക രാവിനെ
അസഹിഷ്ണമായ് തലോടുന്ന കാറ്റോ
പുത്ര ദുഖത്തിൻ അലമുറ സഹ്യനിൽ
തൊട്ടു തൊട്ടങ്ങ് ഉയർന്നു വരുന്നതോ

തിര നിറയ്ക്കുന്ന കാണുകിൽ ഈ വിധം
ശനിപിടിക്കുന്ന രാത്രി വന്നെത്തിടും
അശനിപാതങ്ങൾ ഒടുങ്ങാതെ ആയിടും
അറവുശാല അതി രൂക്ഷമായിടും.

തണുത്തുറഞ്ഞ നനുത്ത പ്രഭാതത്തിൽ
തകിൽപ്പുറം തൊട്ടുണർന്നു തുടങ്ങുകിൽ
അടക്കി ശ്വാസം അടക്കി ഞാൻ ചെന്നങ്ങു
കിഴക്കേ ചായ്പ്പിൽ ഒളിച്ചു നോക്കീടുകിൽ

തുറിച്ച കണ്ണിൽ നിന്നൊലിച്ച മിഴിനീരും
തെറിച്ചു വറ്റിയ ചാലും നിരാശയും
പിരിഞ്ഞു പോകും  മുൻപേ സ്വജീവനെ
പിടിച്ചു നിർത്തുവാൻ ഉഴറിയ ഭാവവും.

എടുത്തു മാറ്റുവാൻ മറന്നുപോയൊരു
മുഴുത്ത ശിരസ്സൊന്ന്  നിലത്ത് കടക്കുന്നു.
പടർന്ന ചോരതൻ ചുവപ്പ് കറുപ്പിന്റെ
പടിപ്പുരയിൽ കിതച്ചു ചെന്നീടുന്നു.
പരിഭ്രമത്തിന്റെ കറുത്ത മുത്തുകൾ
കടിച്ചിറക്കി തുറിച്ചു നോക്കവേ
ഇറുത്തു വെക്കുന്നു ബലിഷ്ട്മാം കരം
വറുത്ത കരളിൻ മാംസകഷണങ്ങളെ
ഈറനൂർന്ന് കുതിർന്നുപോകുന്നോരാ -
ഇരുളിലോ  വാ പിളർന്നു കൊടുക്കവേ 
ഉരിച്ചു കെട്ടിയ തോലും
തെറിച്ചു തള്ളിയ കണ്ണും
ഉടക്കിടുന്നൂ മിഴികളിൽ.

കടഞ്ഞ് പൊങ്ങി പതഞ്ഞു വന്നൊരു
കടുത്ത ഛർദ്ദി ഭയത്തോടെ
കുടിച്ചിറക്കിയും, പാതന വൈര്യം
കടിച്ചിറക്കിയും ഇരുന്നിടും.

മൃഗത്തിൻ ചോരയൊലിക്കുന്ന മാംസവും
ചുമന്ന്  വന്ന് വഴികൾ തോറും
കിതച്ച് നില്ക്കിലും, അസഹ്യമാകുന്ന
ദുഷിച്ച ഗന്ധത്തെ ശപിക്കിലും
ശിരസ്സിലേറ്റണം ജന്മാന്തരങ്ങളിൽ
പടർന്നിടാതെ ശാപോക്തികൾ.


Monday, December 1, 2014

Live with Passion


My friend Raj is very passionate about Royal Enfield. He have a best 1998 model Royal enfield and like to ride with it. It have right side gear shift and left side break. His friends and co workers frequently ask this question "Are you selling it?" He replied always with a smile "No... Its my passion". And he always says 1998 model bullet is rare one.
Why are people so passionate about their Bullets and say riding a Royal Enfield is an experience like none other?

Royal Enfield and the passion associated with it. Well in some sense people generally don't buy bullet out of necessity they buy it with for a pride. The way people like to ride bullet is not in rush but rather in peace, calmly enjoying the ride itself instead of speeding to reach destination. Unlike other bike owners Bulleteer forms a brotherhood among them. Go for a ride with group of bulleteer and you will understand what I mean. It’s powerful, classic, beautiful, stable and over all its distinctive.



Raj riding his Royal Enfield ...

Tuesday, November 18, 2014

"ഞങ്ങളുടെ കൊച്ച് ഡോക്ടർ"

ഇയാളെ കണ്ടിട്ട് നിങ്ങൾക്ക് എന്തെല്ലാം ആണ് തോന്നുന്നത്?

അവശനായ ഒരു വൃദ്ധൻ ? അല്ലെങ്കിൽ വഴിയോരത്തെ ഒരു യാചകൻ ? അതും അല്ലെങ്കിൽ ജീവിതാന്ത്യത്തിൽ ഓർമ്മയുടെ ശിഖരങ്ങൾ അറ്റുപോയ ഒരു വയോവൃദ്ധൻ, അല്ലെ?

എന്നാൽ തെറ്റി. നിങ്ങളുടെ എല്ലാ മുൻവിധികളേയും പുശ്ച്ചിച്ചു ഞാൻ പറയട്ടെ, അതൊരു ഡോക്ടർ ആണ്. "ഞങ്ങളുടെ കൊച്ച് ഡോക്ടർ".
ഡോക്ടർ എന്ന് ആന്ഗലേയത്തിൽ പറഞ്ഞാൽ അരക്കോടിയുടെ എം ബി ബി എസ്സ് ബോർഡും കഴുത്തിൽ സ്തെതസ് കോപ്പും ഒരു എക്സിക്യൂട്ടീവ് ലുക്ക്‌ ഉം വേണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ.

ഇതൊന്നും ഇല്ലെങ്കിലും പൊടിയനും ഒരു ഡോക്ടർ തന്നെ ആണേ. വെറും ഡോക്ടർ എന്ന് പറഞ്ഞാൽ പോര. അത്യുഗ്രൻ ഡോക്ടർ തന്നെ ആണ്. എം ബി ബി എസ്സ് ഉള്ള ഡോക്ടറേക്കാൾ കേമൻ.

നാട്ടുവൈദ്യത്തിന്റെ ഉസ്താദ്. പത്ത് മിനിട്ട് പൊടിയനോട് സംസാരിക്കാൻ ക്ഷമ കാണിച്ചാൽ  നിങ്ങൾക്കും മനസ്സിലാകും ആ വലിയ സത്യം.

മടത്തറ ദേശത്തെ വനാന്തരങ്ങളിലും ഉൾപ്രദേശങ്ങളിലും അലഞ്ഞ് നടന്നും പ്രകൃതിയോട് മല്ലിട്ടും ഇണങ്ങിയും പൊടി ശേഖരിക്കുന്ന അപൂർവ്വ ഔഷധങ്ങളെക്കുറിച്ച് നാട്ടിലെ തലമൂത്തവർക്കൊക്കെ നന്നായി അറിയാം.
എന്നാൽ പുതിയ തലമുറയിൽപ്പെട്ടവർക്ക് 'പൊടി' കടത്തിണ്ണയിലെ ഒരു അഗതി മാത്രം ആണ്.

മൂത്രാശയ രോഗങ്ങൾ, വയറ്റിലെ പ്രശ്നങ്ങൾ, ശോധനയുടെ പ്രശ്നങ്ങൾ, ലൈഗിക പ്രശ്നങ്ങൾ, വൃക്കയിലെ കല്ല്‌, വിവിധ തരം വാതങ്ങൾ, ത്വക്കുരോഗങ്ങൾ തുടങ്ങി 
ഏത് അസുഖത്തിനും 'പൊടി' ഒരു നാടാൻ ചികിത്സാ വിധി പറയും. മരുന്നുകൾ ശേഖരിച്ച് കൊടുക്കുകയും ചെയ്യും.

ഔഷധങ്ങളും ചികിത്സാവിധികളും വനാന്തരത്തിലെ ഔഷധ സസ്യങ്ങളുടെ ഉറവിടങ്ങളും പൊടിയന് നന്നായി അറിയാം. തന്നെ സമീപിക്കുന്ന ഏതൊരാൾക്കും തെല്ലും മടിയില്ലാതെ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുകയും ചെയ്യും. എന്നാൽ ഈ അറിവുകള കൊണ്ടൊന്നും ആ പാവം മനുഷ്യന് സാമ്പത്തികമായ മെച്ചമൊന്നും കാണാനില്ല.

മല മടക്കുകളിലും വന്യമൃഗങ്ങൾ യധേഷ്ട്ടം വിഹരിക്കുന്ന ഉൾവനങ്ങളിലും നടന്ന് ഈ വൃദ്ധൻ ശേഖരിച്ച് കൊണ്ടുവരുന്നതൊക്കെ തുശ്ചമായ തുകയ്ക്കാണ് മറ്റുള്ളവർ കൈക്കലാക്കുന്നത്. പുറം ലോകത്തിന്റെ കപടതകൾ അധികമൊന്നും മനസ്സിലാക്കാൻ കഴിയാത്ത ഈ പാവത്തിനെ പലരും പറ്റിക്കുന്നു.

നിങ്ങൾക്കാർക്കെങ്കിലും ഈ മനുഷ്യനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ മടത്തറ ജഗ്ഷനിൽ വന്നാൽ മാത്രം മതി. ഔഷധങ്ങൾ തേടി വനത്തിലേയ്ക്ക് പോയിട്ടില്ലെങ്കിൽ ഏതെങ്കിലും ഒരു കടത്തിണ്ണയിൽ കുറെ ഔഷധ വേരുകൾക്കൊപ്പം കിടക്കുന്നുണ്ടാകും അയാൾ.


Tuesday, October 7, 2014

പേരുദോഷത്തിന്റെ കാരണം.

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ചില അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ ഞാൻ എന്റെ ഇരു ചക്ര ശകടത്തിൽ വനത്തിലേയ്ക്ക് പോകാറുണ്ട്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ആ കാനനഛായയിൽ അല്പസമയം ചിലവിടാൻ കഴിയാതെ പോയാൽ വല്ലാത്ത വിഷമം തന്നെ ആണ്. എന്റെ കൂട്ടുകാരും നാട്ടുകാരും പറയുന്നതുപോലെ ഈ വട്ട് ജന്മനാ തന്നെ രക്തത്തിൽ ഉണ്ടായിരുന്നതായിരിക്കണം. അച്ഛൻ പേരെടുത്ത ഒരു വേട്ടക്കാരൻ ആയിരുന്നെന്ന കാര്യം ഞാൻ മറച്ചുവെക്കുന്നില്ല. പല്ല് കൊഴിഞ്ഞിട്ടോ മക്കളെ പേടിച്ചിട്ടോ അതോ വയസുകാലത്ത് അഴി എണ്ണുവാനുള്ള താല്പര്യക്കുറവുകൊണ്ടോ അച്ഛൻ കുറച്ചു കാലമായി അത്തരം വീര സാഹസങ്ങൾക്കൊന്നും നിൽക്കാറില്ല.

മൃഗങ്ങളുടെ ശാപങ്ങൾ കൊണ്ടാണ് മക്കൾക്കുപോലും ഒരു ഗതി കിട്ടാതെ പോകുന്നത് എന്ന് അച്ഛനെ വേദനിപ്പിക്കുന്ന തരത്തിൽ ഞാൻ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. അല്പസ്വല്പം മദ്യപിക്കുന്നു എന്നതൊഴിച്ചാൽ ഇപ്പോൾ അച്ഛൻ ഒരു നല്ല കുട്ടി തന്നെ ആണ്.

ഞാൻ പറഞ്ഞു വന്നത് എന്റെ വന യാത്രയെക്കുറിച്ച് ആണ്.

ചിരപരിചിതർ ആയ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുകളും ഒക്കെ താമസമുള്ള ഒരു വഴിയിലൂടെ ആണ് ഞാൻ വനത്തിലേയ്ക്ക് പോകാറുള്ളത്. സാവധാനത്തിൽ മാത്രമേ അപ്പോൾ വാഹനം ഓടിക്കാറുള്ളൂ. വളരെ അടുപ്പമുള്ളവരെ കാണുമ്പോൾ അല്പം കുശലം പറയാനും മടിക്കാറില്ല. 


വനത്തിൽ ഞാൻ സ്ഥിരമായി ഇരിക്കാറുള്ള ചില ഇടങ്ങൾ ഉണ്ട്. അവിടെ ഇരുന്ന് അല്പം പാട്ട് കേൾക്കും. അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ ചിന്തിച്ചുകൊണ്ട് കുറെ നേരം ഇരിക്കും. ചിലപ്പോൾ അടുത്ത ബന്ധമുള്ള ആരെയെങ്കിലും വിളിച്ച് സംസാരിക്കും. 

അവിടെ ഇരിക്കുമ്പോൾ കിട്ടുന്ന മനസ്സമാധാനവും ശാന്തതയും വേറെ എവിടെ കിട്ടാനാണ്‌. പ്രകൃതിയും ഞാനും മാത്രം ആകുന്ന സുന്ദര നിമിഷങ്ങൾ.

കഴിഞ്ഞ പത്ത് പന്ത്രണ്ട് കൊല്ലമായി ഇതെന്റെ ജീവിതചര്യ തന്നെയാണ്. ആനയും പന്നിയും ഒക്കെ ഉള്ള കാടാണെങ്കിലും കുഞ്ഞുനാളുമുതൽ ഓടിക്കളിച്ചു വളർന്ന അവിടം മറ്റെവിടെത്തേക്കാളും മനോധൈര്യം  എനിക്ക് പകർന്നേകിയിട്ടേ ഉള്ളൂ. 

ചില ദിവസങ്ങളിൽ നിലാവുദിച്ച് ഏറെക്കഴിഞ്ഞ് നക്ഷത്രങ്ങളോടും സംവാദം കഴിഞ്ഞാവും മടക്കം. 

വർഷങ്ങളായി അനുവർത്തിക്കുന്ന ശീലം ആയിരുന്നതിനാൽ ഈ പ്രവർത്തിയുടെ പൊതുജന സംസാരത്തെക്കുറിച്ച് അടുത്ത കാലം വരെ ഞാൻ തെല്ലും ബോധവാൻ ആയിരുന്നതേ ഇല്ല.

കുറച്ചു ദിവസം മുൻപ് ഒരു സായാഹ്നത്തിൽ ഞാൻ വനത്തിലേയ്ക്ക് പോവുകയായിരുന്നു. വഴിയിൽവെച്ച് എന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു ചേച്ചിയെ കാണാൻ ഇടയായി. എന്റെ കല്യാണത്തിനു പങ്കെടുക്കാൻ പറ്റാത്തതിന്റെ സങ്കടവും മറ്റ് കുടുംബ കാര്യങ്ങളും സംസാരിക്കുന്ന കൂട്ടത്തിൽ എന്നോട് ചോദിച്ചു എങ്ങോട്ടാണ് പോകുന്നതെന്ന്. 

'അല്പം കാറ്റുകൊള്ളാൻ' എന്ന് ഞാൻ പറഞ്ഞതും അവരുടെ മുഖം പെട്ടെന്ന് മാറി.

ശബ്ദം അല്പം താഴ്ത്തി ഒരു ഉപദേശത്തിന്റെ മട്ടിൽ അവർ പറഞ്ഞു "ഇനി ഇതൊക്കെ നിർത്തണം, കല്യാണം ഒക്കെ കഴിഞ്ഞില്ലേ ഇനി ഈ വക ഇടപാടുകൾക്കൊന്നും നിൽക്കരുത്".

ഞാൻ ആകെ ഇഞ്ചി കടിച്ചതുപോലെ ആയി. അവർ പറഞ്ഞത് എന്താണെന്ന് മനസിലാകാതെ ഞാനും പറഞ്ഞത് ശരിയായോ എന്നറിയാതെ അവരും പരസ്പരം നോക്കി.

ഒടുവിൽ ഗത്യന്തരമില്ലാതെ ഞാൻ ചോദിച്ചു 'ചേച്ചി എന്താണ് ഉദേശിക്കുന്നത്' എന്ന്.

"നീ ഒന്നും പറയണ്ട. വെള്ളമടിക്കാനും സിഗരെറ്റ്‌ വലിക്കാനും അല്ലെ നീയൊക്കെ കാട്ടിലേയ്ക്ക് പോകുന്നത്. അവിടെ ആകുമ്പോൾ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ".

 പിന്നെ അധികം ചേച്ചിയോട് സംസാരിക്കാൻ നിന്നില്ല. തർക്കിച്ച് വിജയിക്കേണ്ട ഒരു ആവശ്യവും എന്നെ സംബന്ധിച്ച് ഈ വിഷയത്തിന് ഉണ്ടായിരുന്നില്ല. അവിചാരിതമായി വന്ന അഭിമാന ക്ഷതവുമായി ഞാൻ കാട്ടിലേയ്ക്ക് തന്നെ പോയി.

ആലോചിച്ചപ്പോൾ മനസിലായ ഒരു കാര്യം, ആ ചേച്ചിയെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല എന്നുള്ളതാണ്. 
നാട്ടുകാരിൽ പലരും മദ്യപിക്കുവാൻ സംഘം ചേർന്ന് ഇവിടെ വരാറുണ്ട്. കൂട്ടുകാരോടൊപ്പം പലപ്പോഴും ഞാനും വന്നിട്ടുണ്ട്.
ആടുമാടുകൾക്ക് തോലൊടിക്കാനും വിറക് ശേഖരണത്തിനും വരുന്ന സ്ത്രീജനങ്ങൾക്ക് പലപ്പോഴും ഇങ്ങനെ ഉള്ള സംഘങ്ങളെ ഭയമാണ്. 
അതുകൊണ്ട് തന്നെ വെറുതേ കാട് കാണാം എന്ന് കരുതി ചെല്ലുന്നവരെയെല്ലാം വെള്ളമടിക്കാൻ എത്തിയവർ എന്നാണ് സ്ത്രീജന സംസാരം.

കഴിഞ്ഞ പത്തുപന്ത്രണ്ട് കൊല്ലമായി ഞാൻ കാട്ടിൽ എല്ലാ ആഴ്ചയും പോകാറുണ്ട്. എന്നെക്കുറിച്ച് നാട്ടുകാരുടെ ധാരണ ഏകദേശം പിടികിട്ടി. 

(ധിക്കാരം : ദൈവത്തോടല്ലാതെ മറ്റാരോടും എനിക്ക് ഒന്നും തന്നെ ബോധ്യപ്പെടുത്തേണ്ടതായിട്ട് ഇല്ല.)

Monday, July 28, 2014

വേളിയന്‍കാല


വേളിയന്‍കാല കത്തുന്നു.
ചാര ധൂമങ്ങള്‍ വനാന്തരേ.
വേനലേറെ കനത്തതിന്‍
മൂര്‍ധന്യമാണ് ഇനി ഏറെ.
വാക്കുകള്‍ ഇടുങ്ങിയ വാതായനങ്ങളില്‍ 
നോക്കുകയായിരുന്നപ്പോള്‍.
ഉള്ളൊന്നു കാളി, ഞാന്‍ ഏന്തി നോക്കി
പിന്നെ ചില്ലുവാതില്‍ ചാരി പിന്തിരിഞ്ഞു.

കാട്ടുതീ കളിപ്രായത്തില്‍ കണ്ടു നിന്നൂ 
ആശ തീരുവോളം.
ദൂരെ മലകളില്‍ പടരുന്ന തീ
കണ്ണിനുത്സവമായിരുന്നേറെ നേരം.
വലിയ നാളങ്ങള്‍ നോക്കി, കണ്ണെത്താ
പുകപടലങ്ങള്‍ എണ്ണി
കാട്ട് തീയുടെ ചൂടറിയാതെ 
ഞാന്‍ വീട്ടില്‍ നിന്നു ചിരിച്ചു.

മീനമാസ വെറിയേറ്റ നാമ്പുകള്‍ 
വീണ്ടും തളിര്‍ക്കും എന്ന ആശകള്‍.
ചാഞ്ഞു ധരണിതന്‍ മിടിപ്പേറി നില്‍ക്കുമ്പോഴും
ചാഞ്ഞു പോകാത്ത നല്ല പ്രതീക്ഷകള്‍
പുകപടലങ്ങലായ് ഉയര്‍ന്നു മേഘങ്ങളെ 
പുണരുവാനായി മണ്ടിടുമ്പോള്‍,
ഇന്നലത്തെ പൂക്കാലമേ
നിന്നെ ഓര്‍ത്തിടട്ടെ ഞാന്‍.

ദൃഷ്ടി മാറ്റുവാന്‍ ആകുന്നില്ല, പക്ഷെ 
ആ ദിക്ക് നോക്കി ഞാന്‍ ചിരിച്ചില്ല.
കൌതുകങ്ങള്‍ കടന്നേറെ യൌവനം
കണ്ണു നീരിന്‍ പാഠശാലയില്‍
ചൊല്ലി പഠിക്കുന്നു
തല്ലി പഠിപ്പിക്കുന്നു
തള്ളിക്കള എന്ന് ചൊല്ലിടുന്നു.

ആണ്ടുതോറും വിവസ്ത്രയായി
ആധി പൂണ്ടു പിടഞ്ഞു നീ.
ആടകള്‍ ചുട്ടു ചാമ്പലാക്കുന്നു.
കനലുകളാല്‍ കവചം ധരിക്കുന്നു.

വേളിയന്‍റെ വേലയാകാം
വേലയില്ലാ വേലയാകാം
വേര്‍പ്പ് നീട്ടി ഈ വേല കാട്ടി
മൂര്‍ത്തി എന്തു നേടുന്നു.
വേളിയന്‍റെ ഫണങ്ങള്‍ എന്നെന്നും
കാത്തിടുന്നു ഗ്രാമത്തിനെ
കാട്ടു തീയും കനത്ത പേമാരിയും
കാട്ടിടുന്നു അതിജീവനങ്ങളെ.

രക്ഷയും ശിക്ഷയും ഒരേ കൈകളാല്‍
മൂര്‍ത്തി ദുഷ്ട്ടനോ ഏറെ ഇഷ്ട്ടനോ?

ആദ്യ മഴ മേഘം തുളുമ്പി വീഴുമ്പോള്‍ മുതല്‍
നാമ്പുകള്‍ മുള പൊട്ടിടും.
ആത്മാവില്‍ ഹരിതാഭ ഹര്‍ഷ വായ്പ്പോടെ 
തളിരുകള്‍ തിങ്ങി നിറഞ്ഞിടും.
പിന്നെ വസന്തം നിറയുന്ന കാലം.
പൂക്കള്‍ എങ്ങും നിരന്ന സൗകുമാര്യം.
കണ്ണുകള്‍ തെല്ലൊന്നടച്ചാല്‍ തുമ്പികള്‍
കര്‍ണ്ണാമൃതം പൊഴിക്കും ഗാന ലോകം. 
ദൂരെയുണ്ടൊരു വേനലെന്നറിയാതെ
കാറ്റ് വീശിടും താളം പിടിച്ചിടും.
വേനലിങ്ങു വന്നെത്തിയാല്‍ തളിരുകള്‍
വാടിക്കരിഞ്ഞിടും ഏറെ പൊഴിഞ്ഞിടും.

ജീവിതത്തിന്‍ നെരിപ്പോടില്‍ മുഖം പൊത്തി
തേങ്ങി നില്‍ക്കുന്ന മനസ്സുപോലെ.
ഈ താഴ്‌വാരങ്ങളിൽ നിഴലനക്കങ്ങളായ്
ചായുന്നോരുടെ കിനാവുപോലെ. 

വേളിയന്‍കാലയില്‍ അഗ്നിയാണ്.
അഗ്നിയെന്നാല്‍ അത് ശുദ്ധിയാണ്‌.
അഗ്നിയില്‍ മാറ്റുരക്കയാണവള്‍
ജനക പുത്രിയെ പോലെ.

വിരഹം


ഹൃദയമേ പറയുക 
നിലാവിലൂടെന്നരികില്‍ 
അണയുന്നതേതു മധുരാംശം.
അഴലുകള്‍ അല്‍പ്പ ശയനത്തിനായി 
അകലേക്ക്‌ പോകുന്ന യാമം.

ഏതോ വികാര നിര്‍വ്രിതികളാകാം 
ഏതോ സ്വപ്നത്തിന്റെ പൊലിമയാകാം.
സമയരഥമിഴയുവാന്‍ ഉഴറിടും നേരത്ത് 
സഹതാപം വന്നണയുന്നതാകാം 
സകലതും ഞാന്‍ മറക്കുന്നതാകാം.

ഈ നിലാവിനിയെത്ര മാത്രയില്‍, ഞാന്‍  
വീണ്ടും ശോക മൂകതാ തലത്തില്‍ 
നിന്‍ അശ്രു പൂക്കളില്‍ നിന്നുതിരുന്നൊരെന്‍ 
നിസഹനീയ നിശ്വാസങ്ങളില്‍.

വര്‍ണ്ണങ്ങള്‍ നേര്‍ത്തുപോയ്‌,
ഓര്‍മ്മകള്‍ ഖിന്നമായ് വന്നു 
തഴുകി മറഞ്ഞിടുന്നു.
നിദ്രവന്നിമകളില്‍ ചുംബന പൂവുകള്‍ 
അര്‍പ്പിച്ചിടും വരെ മൂകമായി.

സ്വപ്നത്തിലോ നേര്‍ത്ത വളകിലുക്കം,
പാദസരത്തിന്റെ ധ്വനി മുഴക്കം.
വിട്ടുപോയെങ്കിലും ആഴത്തിലത്രമേല്‍ 
പെട്ടുപോയ് നീയെന്ന സത്യം.
പ്രണയം കടംതന്ന വിരഹം.

ഉജ്വല മുഹൂര്‍ത്തങ്ങള്‍ തന്നും 
നവ വിപ്ലവ ചിന്തകള്‍ ഊര്‍ന്നും 
പ്രണയം തളിര്‍ക്കുന്ന നിറയുന്ന മാത്രയില്‍ 
ഹൃദയങ്ങള്‍ അറിയുമോ സത്യം 
പ്രണയത്തിന്‍ വിരഹമാം സത്യം.

ഹൃദയമേ പറയുക ......

അവള്‍  പോയ ദിക്കിലായ് അസ്തമിച്ചീടുമോ 
വിരഹവും വ്യഥയും സ്വപ്നങ്ങളും 
വെറുതെ ഇനി മോഹങ്ങള്‍ 
വെറുതെ ഇനി മാത്രകള്‍ 
വെറുതെ കിനാവും നിലാവും.

Thursday, July 24, 2014

നിലത്തിരിക്കുക എന്ന പാഠം

നിലത്തിരുന്ന് ഉണ്ണുന്ന ശീലം കുട്ടിക്കാലത്ത് മുതൽ ഇല്ലാത്ത ഒരാളാണ് ഞാൻ. ആരും തന്നെ അങ്ങനെ ഒരു ശീലം എന്നെ അടിച്ചേൽപ്പിച്ചില്ല എന്നതാണ് സത്യം. അതിനേക്കാൾ വലിയ സത്യം ഞാൻ ജനിച്ചു കഴിഞ്ഞപ്പോഴേക്കും വീട്ടിൽ ചെറിയ ഒരു ഊണ് മേശ ഉണ്ടായി എന്നതാണ്. ജീവിത ശൈലി തന്നെ ആണല്ലോ എല്ലാ ആരോഗ്യ പ്രശ്നങ്ങളുടേയും മൂല കാരണം.

പല അവസരങ്ങളിലും നിലത്ത് ഇരിക്കാൻ പറ്റാത്തതിന്റെ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ പൊതുവേദികളിൽ അല്ലാത്തതിനാൽ അഭിമാനക്ഷതം ഒന്നും സംഭവിച്ചിട്ടില്ല.

എന്നാൽ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ശീലിക്കാത്തത് കൊണ്ട് ഞാൻ ആകെ വശം കെട്ടു പോയത് എന്റെ വിവാഹ നാളിൽ ആണ്. 


ആസന്നമായ ആ മുഹൂർത്തത്തിൽ നിറഞ്ഞ സദസ്സിന് മുൻപിൽ കതിർമണ്ഡപത്തിൽ നടുവും വളച്ചു  ഇരിക്കേണ്ടിവന്ന എന്റെ അവസ്ഥ പരമ ദയനീയം തന്നെ ആയിരുന്നു. അഭിമാനക്ഷതത്തേക്കാൾ എന്നെ വേദനിപ്പിച്ചത് പൈതൃക സംസ്കാരത്തിൽ നിന്നും ഞാൻ ഉൾപ്പെടുന്ന കേരളീയ സമൂഹം എത്രമാത്രം അകലം പാലിക്കുന്നു എന്നതിലാണ്.

നിലവിലെ നമ്മുടെ ജീവിത രീതികളിൽ പഴമയെ അപ്പാടെ പകർത്തുക എന്നുള്ളത് പ്രയാസകരവും പരിഹസനീയവും തന്നെയാണ്. എങ്കിലും പകർത്തേണ്ട കാര്യങ്ങൾ നിരവധി ഉണ്ട്. ഇതായിരുന്നു നമ്മുടെ സംസ്കാരം എന്ന ബോധമാണ് പ്രധാനം.

നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ, നമ്മൾ വിസ്മരിക്കുന്ന നിരവധി കാര്യങ്ങൾ പഴമക്കാരിൽ നിന്നും മനസ്സിലാക്കുകയും അത് അടുത്ത തലമുറയിലേയ്ക്ക് പകർത്തപ്പെടുകയും ചെയ്യേണ്ടത് മഹത്തായ പാരമ്പര്യത്തിന്റെ വക്താക്കൾ എന്ന നിലയിൽ നമ്മുടെ കർത്തവ്യം ആണ്. അത് അങ്ങനെ തന്നെ ചെയ്തില്ലെങ്കിൽ വരും തലമുറകൾ ചൂണ്ടിക്കാട്ടുന്ന ഏറ്റവും വലിയ തെറ്റ് നമ്മൾ തന്നെ ആയിരിക്കും.

Wednesday, July 16, 2014

പതിനെട്ട് ദിനാന്ത്യങ്ങൾ














അരണ്ട വെളിച്ചം മാടി വിളിക്കുന്ന 
ഇരുണ്ട നിറമുള്ള മദ്യശാലയിൽ 

ഉപചാരവും കാത്തിരിക്കുമ്പോൾ വൃഥാ 
ഉപരിതല സ്പർശമാകുന്നു വാക്കുകൾ 

നിസഹനീയനായ് ഞാൻ ആ കണ്‍കളിൽ 
നിശൂന്യതകളാൽ ചോദ്യങ്ങൾ എയ്യവേ 

"അരുതരുത്‌ കണ്ണിലേയ്ക്കാഴ്ന്ന് നീ 
അതിഗൂഡമായി തുരന്നു ചെന്നീടല്ലേ 
മൂടുപടം ഉപേക്ഷിച്ചു നിൻ മുൻപിൽ 
അവധൂതനെ പോലെയാവാം ഇരിപ്പത്
അതിലുമേറെ ദുർവിധിയായ് ചിന്തിക്കുന്നു  
അരുമയാം നിന്റെ മുൻപിലാണിതെന്നല്ലോ 
അശനിപാതങ്ങൾ ഒടുങ്ങിയെന്നു നീ 
അനുതാപപൂർവം പറഞ്ഞതും ഇന്നല്ലോ 
ഇക്കഴിഞ്ഞ പതിനെട്ട് ദിനങ്ങൾ എൻ മുൻപിൽ 
ഉൾക്കിടിലത്തിന്റെ യുഗങ്ങളായ്‌ പോവതും 
ഒട്ടുഞാനെത്ര ശ്രമിച്ചിട്ടും പിശാചുക്കൾ 
ഉഗ്ര താപമാർന്നാർത്തു ചിരിപ്പതും 
നിദ്രവന്നു മിഴികളിൽ ആഴുവാൻ 
നിശബ്ദനായി ഞാൻ ജാലകം നോൽപ്പതും 

സ്നിഗ്ദ്ധമാം ഓർമ്മതൻ ഭാണ്ഡങ്ങൾ 
സത്യ ചിത്രമായ്‌ നിന്നോടുരപ്പതും 
ക്ഷിപ്രകോപിയായ് ഞാൻ കലി തുള്ളുമ്പോൾ 
കൊച്ചനുജനെ പോലെ നീ സഹിപ്പതും 
ശീട്ടുവാങ്ങി മടങ്ങുവാനായി ഞാൻ 
ആശുപത്രിയിൽ അലസം നടന്നതും 
കാലിലല്ല കയറേണ്ടതാ ഖഡ്ഗം എൻ 
മാറിലാണെന്നു നീ കളിയായ്‌ പറഞ്ഞതും 

കണ്ടതല്ലേ ശീലങ്ങൾ എവ്വിധം, എൻ 
സന്തത സഹചാരിയായ് എന്നു നീ 
ദുർവിധിയാം ശീലങ്ങളിൽ ആഴ്ന്നാഴ്ന്നു 
നേർത്തു പോകുമോ എന്നും അറിവീല 
ഒട്ടു ഞാൻ ശീലം മാറ്റിവെച്ചീടുകിൽ 
നിദ്രയെന്നെ തിരിഞ്ഞു നോക്കുന്നീല 
ചിത്തമീവിധം പോയീടുകിൽ വൃഥാ 
പ്രജ്ഞ കെട്ട് നടനീടുകെന്നലാം"

നെറ്റിയിൽ പൊടിയുന്ന വിയർപ്പൊപ്പി 
നിത്യ സങ്കടം എന്നോടുരക്കവേ 
നിസഹനീയനായ് നിശൂന്യനായ് ഞാനെന്തു 
ചകിതനാകുമീ ഭ്രാതാവിനോതുവാൻ 

മദ്യം എത്ര ഹൃദയ ബന്ധങ്ങൾ തൻ 
സപ്ത വർണ്ണങ്ങൾ പാടെ മറയ്ക്കുന്നു 
മൃത്യുവിലേയ്ക്കെന്നും നയിക്കുന്നു 
മർത്യ ദുഃഖങ്ങൾക്ക്‌ വിളനിലമൊരുക്കുന്നു.

ഇനിയുമില്ല വസന്തമെന്നോർത്തു ഞാൻ 
മിഴിയടച്ചങ്ങു മൗനം ഭജിക്കവെ 
നുരകൾ ചിന്നി വിഷ ചഷകങ്ങൾ പിന്നെയും 
നിറയുന്ന ശബ്ദമെൻ കാതിൽ മുഴക്കമായ്.

Monday, July 14, 2014

ആ മഴ

ഹാ, നിന്‍  വാര്‍മുടിയില്‍ അനസ്യുതമായി പെയ്ത
ആ നല്ല മഴക്കാലമെങ്ങുപോയി.
പ്രകമ്പനങ്ങള്‍ ഇല്ലാത്ത ഇടവപ്പാതിയില്‍
ശൗര്യമില്ലാത്ത സായന്തനങ്ങളില്‍
കലിതുളളി ഒഴുകാത്ത അരുവിയില്‍ ഞാന്‍
അതിന്‍ പ്രതിധ്വനി കാതോര്‍ത്തിടുന്നു.
അകലെ നിന്നെങ്ങോ ഒരു കുളിരണഞ്ഞാല്‍
അതിന്‍ അഭിനിവേശത്തെ  തിരയുന്നു.
പറയൂ നിന്‍ മുടിയിഴകളെ ഈറനണിയിച്ചു
അത്‌ എന്നടുത്തെത്തിടുമ്പോള്‍
ആ പുണ്യാഹിയില്‍ നനഞ്ഞു നനഞ്ഞു നാം
നിര്‍വൃതി കൊള്ളുന്നതെത്രയെത്ര .
പറയൂ സഹ്യാദ്രി നിന്‍ ഉടലില്‍, ആത്മാവില്‍
പ്രാണജലം അവള്‍ എകിടുന്നല്ലി...
ഉദയാസ്തമയങ്ങള്‍ക്ക് ഉടയവനോളം പ്രണയിക്ക
മഴയേ മഴക്കിനാവുകളെ.
നിന്‍റെ മേനിയുടെ വടിവുകള്‍ തഴുകിയും തലോടിയും
നിന്‍റെ രോമരാജികളെ പുളകിതാരാക്കിയും,
ഒരു രാസകേളിയുടെ അന്ത്യയാമത്തില്‍
ഭോഗാലസ്യയായി നീ തളര്‍ന്നുറങ്ങിടുന്നതും.


പിന്നെ കുളിരും കൊണ്ട്‌ കുഞ്ഞരുവികൾ
നമ്മെ പുളകിതരാക്കി കടന്നു പോകുന്നതും,
ഏതോ തപോവന സുകൃതമോ
ദൈവീക ഭാവം വരം ചേര്‍ന്നിടുന്നതോ.
കാണുന്നു ഞാ൯ ഭാവനാ ലോകത്ത്
കലികാലം പ്രതിച്ഛായ മായ്ച്ചെങ്കിലും.
കാലം തെറ്റി വന്ന ചാറ്റല്‍ മഴ പോലെ
മോഹങ്ങള്‍ എന്നെ നൊബരപ്പെടുത്തുന്നു
കൗമാരം യൗവന ദാഹം ശമിപ്പിക്കുവാന്‍
പാന്ഥനായ് വഴിമാറി പോകവേ...
ബാല്യം തന്ന നറും പാലസന്ധ്യകൾ 

എന്നില്‍ താളം പിടിക്കുന്നു.
ആ മഴ വന്നിരുന്നെങ്കില്‍ ഞാ൯ ഒരു പൈതലായ്‌
ഈ അങ്കണത്തിൽ ഓടി നടന്നെങ്കില്‍
ആ മഴ വന്നിരുന്നെങ്കില്‍ എന്‍റെ ബാല്യത്തിന്‍
ഓര്‍മ്മകള്‍ തൊട്ടറിഞ്ഞെങ്കില്‍.
യൗവന യുക്തയാം നിന്‍റെ മോഹങ്ങള്‍ക്ക്
നിര്‍വൃതി പകര്‍ന്നിരുന്നെങ്കില്‍.

പരിചിത വിധി (അനുഭവ കഥ)

വക്കീലിനെ കാണുന്ന ആവശ്യത്തിന് വേണ്ടിയാണ് ഞാനും സുഹൃത്തും അവിടെ എത്തിയത്. നീണ്ട സമയത്തെ ചര്‍ച്ച ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടും, വക്കീലിനെ എന്ത് ആവശ്യത്തിനാണ് കാണുന്നത് എന്ന് എന്നോട് കൃത്യമായി പറഞ്ഞിട്ടില്ലാത്തത് കൊണ്ടും ഞാന്‍ ഗേറ്റിനു വെളിയില്‍ നിന്നു.
ഏകാന്തത എനിക്ക് ഇഷ്ട്ടം തന്നെ, പക്ഷെ റോഡരികില്‍ അല്പം ബുദ്ധിമുട്ടായി തോന്നി. എവിടെ നോക്കിയാലും കറുത്ത
ഫലകങ്ങള്‍. നീതിന്യായത്തിന്റെ വെളുത്ത അക്ഷരങ്ങള്‍. വകീലന്മാര്‍ മാത്രം താമസിക്കുന്ന ഒരു വഞ്ചിയൂര്‍ ഭാഗം.

പെട്ടന്നാണ് റോഡിന്‍റെ ഒരു വശത്ത് നിന്നും ഒരു നായും നായ്ക്കുട്ടിയും നടന്നു വരുന്നത് ഞാന്‍ ശ്രദ്ധിച്ചത്. ഓടിച്ചാടി നടക്കാന്‍ തുടങ്ങിയ പ്രായത്തില്‍ ഉള്ള നായ്ക്കുട്ടി. വഴിയില്‍ കാണുന്ന എല്ലാ വസ്തുക്കളോടും അത് തന്‍റെ ശൌര്യം കാട്ടുന്നുണ്ട്. 'നിന്നെ പോലെ കുറെ എണ്ണത്തിനെ പെറ്റു വളര്‍ത്തി ഞാന്‍ ഇങ്ങനെ പല അഭ്യാസവും കണ്ടതാ' എന്ന ഭാവത്തില്‍ പെണ്പട്ടി മുന്നില്‍ നടക്കുന്നു. അതിന്റെ വീര്‍ത്തു തൂങ്ങിയ മുലകളില്‍ പാല്‍ അധികം ഉണ്ടെന്നു എനിക്ക് തോന്നി. മറ്റു കുട്ടികളെയൊക്കെ നഷ്ട്ടപ്പെട്ടിരിക്കാം.
ഞാന്‍ നില്‍ക്കുന്ന ഗേറ്റിനു അടുത്ത് എത്തിയപ്പോള്‍ നായ എന്നെ ഒന്ന് നോക്കി. പേടിപ്പെടുത്തുന്ന നോട്ടം അല്ലായിരുന്നെങ്കിലും 'ഇവനാരെടാ' എന്ന ചോദ്യം അതില്‍ ഉണ്ടായിരുന്നു.
കുട്ടികളുമായി നടക്കുന്ന പെണ്പട്ടികളുടെ ശൌര്യം മുന്‍പ് പലപ്പോഴും എന്നെ വിളവാരം ഓടിച്ചിട്ടുള്ളത് കൊണ്ട് ഞാന്‍ അല്‍പ്പം ഗേറ്റിനു അകത്തേക്ക് കയറി നിന്നു. പെണ്പട്ടി ഗേറ്റിനു സമീപം വന്നു ചുറ്റുപാടും ഒന്ന് നിരിക്ഷിച്ചു, പിന്നെ അവിടെ കിടന്നു.
പട്ടിക്കുട്ടി മണം പിടിച്ചു മണം പിടിച്ചു എന്റെ അടുത്തെത്തി. എന്റെ കാലില്‍ അത് മണം പിടിക്കാന്‍ തുടങ്ങി. സൂക്ഷ്മ നിരീക്ഷണത്തില്‍ അത് ഒരു ആണ്‍ പട്ടിക്കുട്ടി തന്നെയാണെന്ന് ഞാന്‍ ഉറച്ചു. പെണ്പട്ടി എന്നെ ഇടക്കിടെ നോക്കുന്നുണ്ട്. കാലനക്കി പട്ടിക്കുട്ടിയെ ഓടിക്കണം എന്നുണ്ട്, പക്ഷെ പെണ്പട്ടിയുടെ കിടപ്പും നോട്ടവും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.
ക്രമേണ അവന്‍റെ കളിയിലും കുസ്രിതിയിലും എന്നിക്ക് രസം പിടിച്ചു തുടങ്ങി.
റോഡിലൂടെ നടന്നു പോക്കുന്നവരെ ഒക്കെ അവന്‍ നോക്കുന്നുണ്ട്. എന്‍റെ അടുത്ത് നിന്നും അല്പം മാറി അവന്‍ ഉരുണ്ടു പിണഞ്ഞു കളി തുടങ്ങി.
തെരുവില്‍ പിറന്നത്‌ ആണെങ്കിലും അവന്‍റെ മുഖത്ത് ഒരു കുലീനത്തം ഉണ്ട്. ഇടയ്ക്കിടെ എന്‍റെ അരികത്തു വന്നു മണം പിടിച്ചു തിരികെ പോകും. അവന്‍ എങ്ങോട്ട് പോകുമ്പോഴും പെണ്പട്ടിയുടെ നോട്ടവും കൂടെ ഉണ്ടാകും. തെരുവില്‍ പിറന്നതിനാല്‍ മനുഷ്യരെ തീരെ ഭയമില്ല എന്നെനിക്കു തോന്നി. ചലനമുള്ളതിനെയെല്ലാം അവന്‍ കൌതുകവും കുസൃതിയും നിറഞ്ഞ കണ്ണുകളാല്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു.
ഇപ്പോള്‍ അവന്‍ പുതിയ ഒരു ശ്രമത്തില്‍ ആണ്. റോഡരുകില്‍ മതിലിനോട് ചേര്‍ന്ന് അടുക്കിയിരിക്കുന്ന സിമെന്റ് കട്ടകളില്‍ ചവുട്ടി മുകളിലേയ്ക്ക് കയറാന്‍ ശ്രമിക്കുകയാണ്. രണ്ടു  വട്ടം പരാജയപ്പെട്ടു. ഒരുണ്ട് താഴെ വീണു. ദയനീയമായ ഒരു കരച്ചില്‍ അവനില്‍ നിന്നും ഉണ്ടായി. പക്ഷെ പിന്മാറാന്‍ അവന്‍ തയ്യാറായിരുന്നില്ല. മൂന്നാമത് വിജയം കണ്ടു.
മതിലിനു പുറത്തു നിന്നു തെല്ലു അഹങ്കാരത്തോടെ അവന്‍ ചുറ്റും നോക്കി. അവന്‍റെ വിജയ ഭാവം എന്നെ വല്ലാതെ രസിപ്പിച്ചു. മതിലിനു മുകളിലൂടെ നടന്ന് അവന്‍ ഉയരം കൂടിയ ഭാഗത്ത്‌ എത്തി. രണ്ടു വട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. താഴേയ്ക്ക് ചാടുക അത്ര എളുപ്പം ഉള്ള പണി അല്ല എന്ന് ബോധ്യമായി. അവന്‍ ദയനീയ ഭാവത്തില്‍ ചുറ്റും നോക്കി.
മതിലിനോട് ചേര്‍ന്ന് ഒരു പെട്ടി ഓട്ടോറിക്ഷ നിര്‍ത്തി ഇട്ടിരിക്കുന്നുണ്ടായിരുന്നു. കയറിയ മാര്‍ഗം ഇറങ്ങാന്‍ നോക്കാതെ അവന്‍ അതിലേക്കു ചാടാന്‍ ശ്രമിക്കുകയാണ്. വളരെ സമയത്തെ പരിശ്രമത്തിനൊടുവില്‍ ഉരുണ്ടു പിണഞ്ഞു വണ്ടിക്കുള്ളില്‍ വീണു.
ഒരു ആക്രമണ ശബ്ദം കേട്ടാണ് ഞാന്‍ വണ്ടിക്കരികിലേക്ക് പോയി നോക്കിയത്. വീണതിന്റെ അരിശം തീര്‍ക്കുകയാണ് അവന്‍. വണ്ടിയില്‍ കിടന്ന ചാക്കുകെട്ട് കടിച്ചു പറിക്കുകയും, ഉരുണ്ടു പിണയുകയും ചെയ്തുകൊണ്ടിരുന്നു. പതിയെ പതിയെ അവന്‍ ശാന്തനായി.
സുഹൃത്ത് വക്കീലപ്പിസില്‍ കയറിയിട്ട് ഏറെ സമയം ആയതിനാല്‍ കുറച്ചു സമയം എന്‍റെ ശ്രദ്ധ അങ്ങോട്ടായി.
ഓട്ടോറിക്ഷ സ്റ്റാര്‍ട്ട്‌ ആകുന്ന ശബ്ദം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. വണ്ടി മുന്നോട്ടു നീങ്ങി തുടങ്ങിയിരുന്നു. എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസിലാകാതെ അവന്‍ ഏന്തി വലിഞ്ഞു പുറത്തേക്കു നോക്കുന്നുണ്ടായിരുന്നു.
"ഏയ്'" എന്ന് ഞാന്‍ രണ്ടു വട്ടം വിളിച്ചു, പക്ഷെ റിക്ഷക്കാരന്‍ അത് കേട്ടില്ല.
വണ്ടി സാമാന്യം വേഗതയില്‍ ആയി കണ്മുന്നില്‍ നിന്നും മറഞ്ഞു പോയി.
നായ്ക്കുട്ടി തെരുവിന്‍റെ ഒരു കോണില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റപ്പെടുകയാണ്. അപ്രതീക്ഷിതമായ വിധി.
വണ്ടി പോയ ദിക്കുനോക്കി പെണ്പട്ടി നില്‍ക്കുന്നത് ഞാന്‍ പിന്നെയാണ് ശ്രദ്ധിച്ചത്. അതിന്‍റെ കണ്ണുകളിലെ ഭാവ  തീവ്രതയേക്കാള്‍ വീര്‍ത്തു തൂങ്ങുന്ന മുലക്കന്നുകലുടെ അസഹനീയ വേദനയെക്കുറിച്ച് ആണ് ഞാന്‍ ചിന്തിച്ചത്.
ഒരു പക്ഷെ ഈ പ്രസവത്തിലെ അവസാന ശേഷിപ്പായിരുന്നിരിക്കണം അവന്‍.
സുഹൃത്തിനോടൊപ്പം തിരികെ പോകുമ്പോഴും കുസൃതി  നിറഞ്ഞ അവന്‍റെ മുഖം ആയിരുന്നു മനസ്സില്‍.
അവസ്ഥാന്തരങ്ങളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുക മനുഷ്യന് സാധ്യമാണ് എന്നറിയാം. മനുഷ്യര്‍ക്ക്‌ എത്രയോ പരിചിതമായ വിധി.

ധന്യ തുളസി


ഒരിക്കല്‍ തൊടിയിലെ ഒരു തുളസിച്ചെടി
മറ്റൊന്നിനോടായ് ചൊല്ലിയിങ്ങനെ,
"ഞങ്ങളില്‍ ശ്രേഷ്ഠന്‍ ഞാന്‍ തന്നെയാകാം.
അവതാരങ്ങളില്‍ ശ്രേഷ്ഠം കൃഷ്ണവതാരവും.
കൃഷ്ണതുളസിയെന്നേ വിളിക്കുന്നു സര്‍വ്വരും,
അടര്‍ത്തുന്നു പൂജയ്ക്കും സര്‍വ്വ ഔഷധങ്ങള്‍ക്കും
മാത്രമോ, എന്‍റെ കണങ്ങളെ തേടുന്നു മാനവര്‍.
നാട്ടു വളര്‍ത്തി പരിപാലിച്ചീടുന്നു".
ഇതുകേട്ട ഒരരളി രാമ തുളസിയോടായ്  ചൊല്ലി.
"കാര്യമാത്ര പ്രസക്തമല്ലാതൊന്നിനേയും 
സൃഷ്ട്ടിക്കുകയില്ലല്ലോ ഈ പ്രകൃതി.
കാലം നിന്‍റെ നിയോഗക്കുരുക്കാകും
കാന്തിക മണ്ഡലം തകര്‍ത്തെറിയും.
പരിഹാസ ധ്വനികള്‍ക്ക് ചെവി കൊടുക്കീടാഞ്ഞാല്‍
നിനക്കും സദ്ഗതി കൈവരും, നിസംശയം".
മാത്രകള്‍ നാഴികകളായി, ദിനങ്ങളായി പോകവേ
മീനം കടന്നു പടിക്കലെത്തി.
വടിക്കരിയുന്നു തൊടിയിലെ പുല്‍ചെടികള്‍
ഏറെ തളര്‍ന്നുപോയ്‌ കൃഷ്ണ തുളസിയും.
ഇലകലേറെ മാനവര്‍ കൊണ്ടുപോയതിനാല്‍
അവളിന്ന് മൃതിയുടെ വക്കിലായ്‌.
ശപിച്ചുപോയ് അവളിന്നു കൃഷ്ണാവതാരത്തെയും,
തന്നെ ദഹിപ്പിക്കുവാന്‍ പോരുന്ന സൂര്യനാളത്തെയും.
വേനല്‍ വെറിയില്‍ തളര്‍ന്നുറങ്ങീടാതെ
രാമ തുളസി അലസം വിലസവേ,
പൂക്കൂടയുമായി എത്തിയൊരു ബാലിക
പിച്ചുന്നു അതിന്‍റെ പത്രങ്ങളെ സസൂക്ഷമമായ്.
ധന്യമായ്, ഈ നിര്‍വൃതി തനിക്കന്യ-
മല്ലേന്നുള്ളതോര്‍ത്തത് ധന്യമായ്.
പ്രകൃതി വിധികള്‍ എത്ര വിചിത്രമായ്,
ഒന്നുമേയില്ല ഇവിടെ പാഴ്ഫലങ്ങളായെങ്കിലും,
വിധിതന്‍ സമയക്കുരുക്കില്‍ പെട്ടുഴലുമ്പോള്‍
സമയമായില്ലെന്ന തോന്നലുണ്ടാവണം.
പരിശ്രമം ധീരമായ്തന്നെ ഉണ്ടാവണം.
ജന്മത്തിന്‍ അര്‍ദ്ധബിന്ദുക്കളെ തേടുവാന്‍
ക്ഷമയും സഹനവും കൂടെയുണ്ടാവണം.