ഇയാളെ കണ്ടിട്ട് നിങ്ങൾക്ക് എന്തെല്ലാം ആണ് തോന്നുന്നത്?
അവശനായ ഒരു വൃദ്ധൻ ? അല്ലെങ്കിൽ വഴിയോരത്തെ ഒരു യാചകൻ ? അതും അല്ലെങ്കിൽ ജീവിതാന്ത്യത്തിൽ ഓർമ്മയുടെ ശിഖരങ്ങൾ അറ്റുപോയ ഒരു വയോവൃദ്ധൻ, അല്ലെ?
എന്നാൽ തെറ്റി. നിങ്ങളുടെ എല്ലാ മുൻവിധികളേയും പുശ്ച്ചിച്ചു ഞാൻ പറയട്ടെ, അതൊരു ഡോക്ടർ ആണ്. "ഞങ്ങളുടെ കൊച്ച് ഡോക്ടർ".
ഡോക്ടർ എന്ന് ആന്ഗലേയത്തിൽ പറഞ്ഞാൽ അരക്കോടിയുടെ എം ബി ബി എസ്സ് ബോർഡും കഴുത്തിൽ സ്തെതസ് കോപ്പും ഒരു എക്സിക്യൂട്ടീവ് ലുക്ക് ഉം വേണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ.
ഇതൊന്നും ഇല്ലെങ്കിലും പൊടിയനും ഒരു ഡോക്ടർ തന്നെ ആണേ. വെറും ഡോക്ടർ എന്ന് പറഞ്ഞാൽ പോര. അത്യുഗ്രൻ ഡോക്ടർ തന്നെ ആണ്. എം ബി ബി എസ്സ് ഉള്ള ഡോക്ടറേക്കാൾ കേമൻ.
നാട്ടുവൈദ്യത്തിന്റെ ഉസ്താദ്. പത്ത് മിനിട്ട് പൊടിയനോട് സംസാരിക്കാൻ ക്ഷമ കാണിച്ചാൽ നിങ്ങൾക്കും മനസ്സിലാകും ആ വലിയ സത്യം.
മടത്തറ ദേശത്തെ വനാന്തരങ്ങളിലും ഉൾപ്രദേശങ്ങളിലും അലഞ്ഞ് നടന്നും പ്രകൃതിയോട് മല്ലിട്ടും ഇണങ്ങിയും പൊടി ശേഖരിക്കുന്ന അപൂർവ്വ ഔഷധങ്ങളെക്കുറിച്ച് നാട്ടിലെ തലമൂത്തവർക്കൊക്കെ നന്നായി അറിയാം.
എന്നാൽ പുതിയ തലമുറയിൽപ്പെട്ടവർക്ക് 'പൊടി' കടത്തിണ്ണയിലെ ഒരു അഗതി മാത്രം ആണ്.
മൂത്രാശയ രോഗങ്ങൾ, വയറ്റിലെ പ്രശ്നങ്ങൾ, ശോധനയുടെ പ്രശ്നങ്ങൾ, ലൈഗിക പ്രശ്നങ്ങൾ, വൃക്കയിലെ കല്ല്, വിവിധ തരം വാതങ്ങൾ, ത്വക്കുരോഗങ്ങൾ തുടങ്ങി
ഏത് അസുഖത്തിനും 'പൊടി' ഒരു നാടാൻ ചികിത്സാ വിധി പറയും. മരുന്നുകൾ ശേഖരിച്ച് കൊടുക്കുകയും ചെയ്യും.
ഔഷധങ്ങളും ചികിത്സാവിധികളും വനാന്തരത്തിലെ ഔഷധ സസ്യങ്ങളുടെ ഉറവിടങ്ങളും പൊടിയന് നന്നായി അറിയാം. തന്നെ സമീപിക്കുന്ന ഏതൊരാൾക്കും തെല്ലും മടിയില്ലാതെ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുകയും ചെയ്യും. എന്നാൽ ഈ അറിവുകള കൊണ്ടൊന്നും ആ പാവം മനുഷ്യന് സാമ്പത്തികമായ മെച്ചമൊന്നും കാണാനില്ല.
മല മടക്കുകളിലും വന്യമൃഗങ്ങൾ യധേഷ്ട്ടം വിഹരിക്കുന്ന ഉൾവനങ്ങളിലും നടന്ന് ഈ വൃദ്ധൻ ശേഖരിച്ച് കൊണ്ടുവരുന്നതൊക്കെ തുശ്ചമായ തുകയ്ക്കാണ് മറ്റുള്ളവർ കൈക്കലാക്കുന്നത്. പുറം ലോകത്തിന്റെ കപടതകൾ അധികമൊന്നും മനസ്സിലാക്കാൻ കഴിയാത്ത ഈ പാവത്തിനെ പലരും പറ്റിക്കുന്നു.
നിങ്ങൾക്കാർക്കെങ്കിലും ഈ മനുഷ്യനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ മടത്തറ ജഗ്ഷനിൽ വന്നാൽ മാത്രം മതി. ഔഷധങ്ങൾ തേടി വനത്തിലേയ്ക്ക് പോയിട്ടില്ലെങ്കിൽ ഏതെങ്കിലും ഒരു കടത്തിണ്ണയിൽ കുറെ ഔഷധ വേരുകൾക്കൊപ്പം കിടക്കുന്നുണ്ടാകും അയാൾ.

No comments:
Post a Comment