Monday, July 14, 2014

എത്ര കൗതുകം



ഓരോ തുള്ളിയും പെരുമ്പറ മുഴക്കുന്നു.
ഓരോന്ന് പറഞ്ഞിരിക്കുവാനും മേല.
കുതിര്‍ന്നൊലിക്കും കുടിലിന്‍ ചായ്പ്പിറക്കില്‍,
ചൊറിത്തവളകള്‍ കണ്ണുരുട്ടലായ്.

'മേടം പുലര്‍ന്നു വരുന്ന നേരങ്ങളിൽ 
വെയില്‍ കാഞ്ഞ് നിലം പതം വന്നതേയില്ല.
കാലം തെറ്റി ഇതെങ്ങു പോകുന്നു', എന്നിങ്ങനെ 
മൂത്തവര്‍ തമ്മില്‍ പിറുപിറുക്കലായ്.

ഓര്‍ത്തിരിക്കാതെ വന്ന മഴക്കാലം
മാനസത്തിലും നിറഞ്ഞു തുളുംമ്പവേ
ബാല്യത്തിന്‍റെ കുറുമ്പുമായ് ഞാന്‍ ഓടി
വാതില്‍ പടിയില്‍ വന്നു നിന്നീടവേ,

വലിയ പൂമരം ഇല്ലാത്ത മുറ്റത്ത്
കുനു കുനെ വെള്ള പൂക്കള്‍ ഉതിരുന്നോ,
ധരണിയില്‍ വീണു തെന്നിത്തെറിച്ചത്
മഴയില്‍ അലിഞ്ഞലിഞ്ഞെങ്ങോ മറയുന്നോ

'അമ്മേ നോക്കിത്' എന്ന് ചൊല്ലിക്കൊണ്ടു 
അങ്കണത്തിലേയ്ക്കോടി ഇറങ്ങി ഞാന്‍,
വെള്ള പൂക്കള്‍ എന്‍റെ ദേഹത്തിലും വീണു
തെന്നി തെന്നി തെറിച്ചു പോകുന്നിതാ.

പൂക്കളോരോന്നു പെറുക്കി ഞാന്‍ കുമ്പിളില്‍ 
കാത്തു കാത്തങ്ങു വെക്കാന്‍ തുടങ്ങവേ
പൂമരമില്ലാത്ത പൂക്കളോരോന്നും  
കാണെ കാണെ കണ്മറഞ്ഞീടുന്നു.

'ഇക്കുട്ടി ഏറെ പനിച്ചു പോകും മഴ 
ഇവ്വിധം നനഞ്ഞിടുകിൽ' എന്ന് ചൊല്ലി 
അമ്മയോടി ഉമ്മറത്തെത്തി 'ആലിപ്പഴം' 
എന്ന് ചൊല്ലി നിലകൊള്‍കയായി.

കണ്ണുകള്‍ ഏറെ വിടര്‍ന്നുപോയ്, ആലിപ്പഴം
കാണ്മുന്പില്‍ ആദ്യമായ് വന്നീടവെ.
ആലിപ്പഴമെന്നാല്‍ ഏതോ പഴം പോലെ 
മാനസത്തില്‍ ഞാന്‍ കണ്ടിരുന്നു. 
സ്വര്‍ണ്ണ നിറത്തില്‍ നല്ല ഗന്ധത്തോടെ 
എന്നും ഞാന്‍ ആ കനി കണ്ടിരുന്നു.

ഇത്ര വിഭിന്നമാം യാഥാർത്ഥ്യം ഓർത്തു ഞാൻ 
ഒട്ടു നേരം നിലകൊണ്ടതങ്ങനെ,
ചിത്ര വർണ്ണങ്ങൾ അപ്പാടെ മാഞ്ഞുപോയ് 
കൊച്ചു കൗതൂഹലങ്ങൽ വിവർണ്ണമായ് 

കേട്ടു കേൾവി കഥകളും കൂട്ടരും 
മാനസത്തിലെ മേച്ചിൽ പുറങ്ങളിൽ 
ബാല്യത്തിന്റെ കൗതുകം കൊണ്ടോരോ 
ഭാവനകളിൽ നീന്തിക്കളിക്കുന്നു.

അനുഭവങ്ങൾ തന്നെ പാഠങ്ങൾ ആകുന്നു 
അനുഭവങ്ങൾ തന്നെ അറിവുണർത്തീടുന്നു
അനുഭവങ്ങൾ തൻ തിരകളിൽ ഈവിധം 
അലയടിച്ചെന്റെ ബാല്യവും നേർത്തു പോയ്‌.


No comments:

Post a Comment