Monday, July 14, 2014

അമ്പിളി അമ്മാവനെ വേണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല...

അന്ന് ഞാൻ ഏഴാം തരത്തിൽ പഠിക്കുന്ന സമയം. സൈക്കിൾ വേണമെന്ന ഒരു ആഗ്രഹം മുളപൊട്ടി.

മനസ്സിൽ മാത്രം...



ക്ലാസ്സിൽ പല കുട്ടികൾക്കും സൈക്കിൾ ഉണ്ട്. അവരെല്ലാം സൈക്കിൾ ചവിട്ടി വരുന്നത് കാണുമ്പോൾ എനിക്കും അങ്ങനെ വരാൻ ഒരു മോഹം.

ആർക്കെങ്കിലും പുളി മുട്ടായി വാങ്ങി കൊടുത്ത് ഞാൻ സൈക്കിൾ ഒന്ന് ചവിട്ടി നോക്കും. ഒരു റൗണ്ടിൽ കൂടുതൽ ആയാൽ മുട്ടായിയുടെ എണ്ണവും കൂടും.

സൈക്കിൾ വേണം എന്ന മോഹം കലശൽ ആണ്. പക്ഷെ വീട്ടിൽ പറഞ്ഞില്ല. പറഞ്ഞാലും വാങ്ങി തരാൻ പോകുന്നില്ല. അന്ന് ഒരു സൈക്കിൾ വാങ്ങിത്തരാൻ എന്റെ വീട്ടിൽ കഴിവില്ലാഞ്ഞിട്ടല്ല, ഞാൻ ഒരു സൈക്കിൾ വേണം എന്ന് അച്ഛനോട് പറഞ്ഞാൽ അച്ഛൻ ഇങ്ങനെ ഒക്കെ ആകും എന്നോട് ചോദിക്കുക,

നിനക്കെന്തിനാ ഇപ്പോൾ സൈക്കിൾ ?
സ്കൂൾ ഇവിടെ അടുത്തല്ലേ ?
ഇവിടെ ഈ മലനാട്ടിൽ സൈക്കിൾ ഉണ്ടായിട്ടെന്തിനാ ?

എന്നിങ്ങനെ കുറെ വാദങ്ങൾ അച്ഛൻ നിരത്തും
അച്ഛന്റെ അത്തരം വാദഗതികളെ മറികടക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.
ഇന്നും അച്ഛനെ ഒരു കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക എന്നുള്ളത് എവെറസ്റ്റ് കീഴടക്കുന്ന പോലെ ശ്രമകരം തന്നെ ആണ്.

അമ്പിളി അമ്മാവനെ വേണം എന്നൊന്നും അല്ല ഞാൻ ആഗ്രഹിച്ചത് എന്നെനിക്കറിയാം. എങ്കിലും ആഗ്രഹം മനസ്സിൽ ഒതുക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.

അങ്ങനെ ഞാൻ ഹൃദയത്തിൽ മാത്രം സൂക്ഷിച്ച നിരവധി ആഗ്രഹങ്ങൾ.

എഴുതിക്കാണിക്കുന്ന വാച്ച്, അലൂമിന്യത്തിന്റെ സ്കൂൾ പെട്ടി, രണ്ട് മടക്കുള്ള കുട അങ്ങനെ ചിലതെല്ലാം...

ആരെങ്കിലും ഒക്കെ തരുന്ന ചില്ലറ പൈസകൾ കൂട്ടിവച്ച് അവധി ദിവസങ്ങളിൽ അണ്ണാച്ചിയുടെ കടയിൽ പോകും. അവിടെ സൈക്ലിനു അന്ന് ഒരു മണിക്കൂറിന് മൂന്നു രൂപയാണ് വാടക. അങ്ങനെ ചില്ലറ പൈസ കുറെ അന്നാച്ചിക്കും കൊടുത്തു.

പത്താം തരം കഴിഞ്ഞപ്പോഴേക്കും സൈക്ലിനുള്ള കമ്പം മാറി.

അതുവരെ മലയാളം സ്കൂളിൽ പഠിച്ച ഞാൻ ജയലക്ഷ്മി ടീച്ചറുടെ മെട്രിക്സും ശ്യാമള ടീച്ചറുടെ സ്ക്രൂഗേജും ഒക്കെ കേട്ട് അന്തംവിട്ടിരിക്കുന്ന സമയം.

ഒരു ബൈകിന്റെ ശബ്ദം പരുത്തി എസ് എൻ സ്കൂളിന്റെ ഗ്രൗണ്ടിൽ.
നമ്മുടെ ബറ്റ്ചിലെ ഒരുത്തനിതാ ബൈക്കിൽ വരുന്നു.

പിന്നെ കൂട്ടുകാർക്കിടയിൽ ബൈക്ക് ഒരു ചർച്ചാ വിഷയം ആയി. പക്ഷെ ബൈക്ക് ഓടിക്കണം എന്ന് എനിക്ക് ആഗ്രഹം ഒന്നും തോന്നിയില്ല.

സാധ്യമാകാത്ത ആഗ്രഹങ്ങളോട് പടവെട്ടി മനസ്സ് അപ്പോഴേക്കും പാകപ്പെട്ടു കഴിഞ്ഞിരുന്നു.

പിന്നേയും കാലം എത്ര കഴിഞ്ഞാണ് ഞാൻ ഒരു ബൈക്ക് സ്വന്തമാക്കുന്നത്.
ഇന്നതിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ ഞാൻ ഓർമ്മിക്കാറുണ്ട് ഞാൻ മനസ്സിൽ ഒതുക്കിപ്പിടിച്ച എന്റെ ആഗ്രഹങ്ങളെ കുറിച്ച്.

അമ്പിളി അമ്മാവനെ വേണം എന്ന് എനിക്ക് ഒരു ആഗ്രഹവും ഇല്ല. അന്നും ഇന്നും ...

No comments:

Post a Comment