Monday, July 14, 2014

ചില നേരങ്ങളില്‍


മരണം മാടി വിളിക്കുന്നെന്നെ 
തീരത്തില്‍ ഞാന്‍ എത്തുമ്പോള്‍.
തിരയുടെ ചിരി മുത്തുകള്‍ പാദം
ചുംബിച്ചോടി നടക്കുമ്പോള്‍.
മരണ ഭയത്താല്‍ കാലുകള്‍ 
പിറകോട്ടേറെ നടന്നിട്ടും.
മുത്തുകള്‍ ഉലയും അഗാധതയാല്‍
അത്  മുട്ടി ഉരുമ്മി വിളിക്കുന്നു.

മരണം മാടി വിളിക്കുന്നെന്നെ 
വിജനതയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍.
ചീവീടുകളുടെ ശബ്ദം മാത്രം 
കാതില്‍ വന്നു തറക്കുമ്പോള്‍.
മരണ ഭയത്താല്‍ ചിന്തകള്‍ 
പകലുകള്‍ തേടി നടന്നിട്ടും.
കൂരിരുളിന്‍റെ നിഗൂഢതയാല്‍ അത് 
കൂടെ കൂടി വിളിക്കുന്നു.

മരണം മാടി വിളിക്കുന്നെന്നെ 
നഗരത്തില്‍ ഞാന്‍ പായുമ്പോള്‍.
നാഗരികതയുടെ നീരാളികള്‍ കൂടെ
ആര്‍ത്തു വിളിച്ചു കലമ്പുമ്പോള്‍ 
മരണ ഭയത്താല്‍ വേഗത 
വളരെ പിന്നോട്ടെന്നാലും,
മൂളിനടക്കും വണ്ടുകളെ പോല്‍ 
ആരോ കൂടെ ഗമിക്കുന്നു.

ജീവിതം ഒരു ഭയം, എന്നാലും
അതിന്‍ നേരറിയാന്‍ ഞാന്‍ പോകുമ്പോള്‍
ആകുലതകളുടെ മൊട്ടുകള്‍ നുള്ളാന്‍
ആരെന്‍ കൂടെ പോരെണ്ടൂ.
മരണ ഭയം ഒരു മാരണമായ് 
എന്‍ മതി ഭാവനയില്‍ നില്‍ക്കുമ്പോള്‍,
കൈക്കുമ്പിളിലെ ജീവിതമിങ്ങനെ 
കവിഭാവനയില്‍ തപ്പുന്നു.

No comments:

Post a Comment