അന്നൊരു വിഷുവിന്റെ തലേദിവസം. കുറച്ച് കൊന്നപൂവ് ഒടിക്കണം എന്ന ഉദേശത്തോടുകൂടി ഞാനും എന്റെ അടുത്ത ഒരു സുഹൃത്തും കൂടി നെല്ലിക്കുന്നിലേയ്ക്ക് തിരിച്ചു.
ഉദേശം നെല്ലിക്കുന്ന് ആയിരുന്നെങ്കിലും രണ്ടുപേരും സമാന ഹൃദയരും വിഷയാസക്തരും ആയിരുന്നതിനാൽ സംസാരം കാട് കയറ്റി എന്ന് തന്നെ പറയാം.
നെല്ലിക്കുന്നും പിന്നിട്ട് ഉൾക്കാട്ടിലേയ്ക്കുള്ള ആദ്യത്തെ തെറ്റയിൽ എത്തിയിരുന്നു നമ്മൾ.
വിഷയാസക്തർ എന്ന് പറയുമ്പോൾ അന്താരാക്ഷ്ട്ര തലത്തിൽ ഒബാമയെ കുറിച്ചോ ആഗോള വൽക്കരണത്തെ കുറിച്ചോ ആണ് സംസാരം എന്ന് ധരിച്ചേക്കരുത്. ആ കാടിനുള്ളിലും കാടിനെക്കുറിച്ച് തന്നെയാകും ഞങ്ങൾ സംസാരിക്കാറുള്ളത്.
പച്ചപ്പട്ട് വിരിച്ച സഹ്യസാനുക്കളെക്കുറിച്ചും അതിലെ അനേകായിരം ജീവിവർഗ്ഗത്തെക്കുറിച്ചും വളഞ്ഞും തിരിഞ്ഞും കിടക്കുന്ന മലമടക്കുകളിലെ അഞ്ജാത രഹസ്യങ്ങളെ കുറിച്ചും ഒക്കെ സംസാരിച്ചു നമ്മൾ നടന്നുകൊണ്ടേ ഇരുന്നു.
വേനൽ മഴയുടെ കനിവിൽ കാട് വീണ്ടും തളിരിടാൻ തുടങ്ങിയിരുന്നു. ഓരോ ഋതു പരിണാമത്തിലും കാട് പകർത്തുന്ന ഭാവഭേദങ്ങൾ എന്നും നമുക്കിടയിൽ ഒരു സംസാര വിഷയം തന്നെ ആണ്.
പെട്ടന്ന് ഒരു അലർച്ച കേട്ടു... രണ്ടു പേരും നിശബ്ദരായി.
കരിയില ഇളക്കുന്ന കാറ്റ് ഉണ്ടായിരുന്നതിനാൽ ഏതു ദിക്കിൽ നിന്നാണ് ശബ്ദം വന്നതെന്ന് രണ്ടാൾക്കും മനസിലായില്ല.
ആനയുടെ അലർച്ച തന്നെയാണ്. അത് ഉറപ്പാണ്. മുൻപ് പലപ്പോഴും ആനയെ കണ്ട് ഓടിയിട്ടുള്ളവരാണ് രണ്ടാളും. എങ്കിലും ഇക്കുറി ഭയം അധികം തന്നെ തോന്നി...
മറ്റൊന്നും കൊണ്ടല്ല, ആന തൊട്ടടുത്ത് എവിടെയോ ഉണ്ട് എന്ന് ഞങ്ങൾക്ക് മനസിലായി എന്നത് കൊണ്ട്.
കാറ്റില്ലാത്ത സമയം ആയിരുന്നെങ്കിൽ ആന നിൽക്കുന്ന ഭാഗം കൃത്യമായി മനസിലാകുമായിരുന്നു. കാട് മുഴുവൻ അനങ്ങുന്നതിനാൽ ഒന്നും തന്നെ വ്യക്തമാകുന്നുണ്ടായിരുന്നില്ല.
രണ്ടു പേരുടെയും ശ്വാസം അടക്കിപ്പിടിച്ചുള്ള നിൽപ്പ് പത്ത് നിമിഷത്തോളം തുടർന്നു. പിന്നെ തിരികെ ഓടാൻ തന്നെ തീരുമാനിച്ചു.
ഓടാം എന്ന് ഞാൻ ആഗ്യം കാണിക്കുന്നതിന് മുൻപ് തന്നെ സുഹൃത്ത് ഓടാൻ തുടങ്ങിയിരുന്നു.
എന്നെക്കാൾ ആരോഗ്യദ്രിഡഗാർത്തനായ അവന് ആ കുന്ന് ഓടിയിറങ്ങുക എന്നുള്ളത് അത്ര പ്രയാസം ഉള്ള കാര്യം ആയിരുന്നില്ല. ശരവേഗം കൊണ്ട് അവൻ എന്റെ ദ്രിഷ്ട്ടിയിൽ നിന്ന് തന്നെ മറഞ്ഞിരുന്നു.
ഭയാധിക്യത്താൽ ഞാനും എനിക്ക് കഴിയും വിധം ഓടാൻ തുടങ്ങി. അപ്പോഴേക്കും കാടിനുള്ളിൽ നിന്നും ഒരു പൊട്ടിച്ചിരി ഉയർന്നു.
അതാ വരുന്നു രണ്ട് സാമദ്രോഹികൾ.
ഞങ്ങളെ ഇളിഭ്യരാക്കിയതിന്റെ പൊട്ടിച്ചിരി എന്റെ ന്യൂ ജെനറേഷൻ പ്രയോഗത്തിൽ പെട്ടെന്ന് നിന്നു. ബീപ് ശബ്ദം ഇല്ലാത്ത ആ പ്രയോഗം അക്ഷരാർധത്തിൽ അവശ്യം തന്നെ ആയിരുന്നു.
അവർ തമാശയാണ് കാണിച്ചത് എങ്കിലും അല്പ സമയം ഭയപ്പെടുത്തിയതിന്റെ മുഴുവൻ അരിശവും ഞാൻ ആ വാക്കുകളിൽ പ്രകടിപ്പിച്ചു. ഇങ്ങനുള്ള പണികൾ കൊടുക്കുന്നതും വാങ്ങുന്നതും ഞങ്ങൾ മടത്തറക്കാർക്കിടയിൽ പതിവായതിനാൽ ക്രമേണ അതൊരു തമാശ മാത്രമായി പരിണമിച്ചു.
ഞങ്ങൾ കുന്നിറങ്ങി വന്നപ്പോൾ എന്റെ സുഹൃത്ത് ഒരു ജണ്ടപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഏതു വഴി ഓടി എന്ന് മനസിലാകാതെ അവൻ ആകെ വിഷമിച്ചുപോയിരുന്നു. കൊന്നപ്പൂവ് ഓടിക്കാൻ കഴിയാത്തതിനാൽ ആകെ നിരാശയും ആയി. അതിന്റെ അരിശം കൂടി അവന്മാർക്കിട്ടു കൊടുത്തിട്ടാണ് ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങിയത്.
No comments:
Post a Comment