അരണ്ട വെളിച്ചം മാടി വിളിക്കുന്ന
ഇരുണ്ട നിറമുള്ള മദ്യശാലയിൽ
ഉപചാരവും കാത്തിരിക്കുമ്പോൾ വൃഥാ
ഉപരിതല സ്പർശമാകുന്നു വാക്കുകൾ
നിസഹനീയനായ് ഞാൻ ആ കണ്കളിൽ
നിശൂന്യതകളാൽ ചോദ്യങ്ങൾ എയ്യവേ
"അരുതരുത് കണ്ണിലേയ്ക്കാഴ്ന്ന് നീ
അതിഗൂഡമായി തുരന്നു ചെന്നീടല്ലേ
മൂടുപടം ഉപേക്ഷിച്ചു നിൻ മുൻപിൽ
അവധൂതനെ പോലെയാവാം ഇരിപ്പത്
അതിലുമേറെ ദുർവിധിയായ് ചിന്തിക്കുന്നു
അരുമയാം നിന്റെ മുൻപിലാണിതെന്നല്ലോ
അശനിപാതങ്ങൾ ഒടുങ്ങിയെന്നു നീ
അനുതാപപൂർവം പറഞ്ഞതും ഇന്നല്ലോ
ഇക്കഴിഞ്ഞ പതിനെട്ട് ദിനങ്ങൾ എൻ മുൻപിൽ
ഉൾക്കിടിലത്തിന്റെ യുഗങ്ങളായ് പോവതും
ഒട്ടുഞാനെത്ര ശ്രമിച്ചിട്ടും പിശാചുക്കൾ
ഉഗ്ര താപമാർന്നാർത്തു ചിരിപ്പതും
നിദ്രവന്നു മിഴികളിൽ ആഴുവാൻ
നിശബ്ദനായി ഞാൻ ജാലകം നോൽപ്പതും
സ്നിഗ്ദ്ധമാം ഓർമ്മതൻ ഭാണ്ഡങ്ങൾ
സത്യ ചിത്രമായ് നിന്നോടുരപ്പതും
ക്ഷിപ്രകോപിയായ് ഞാൻ കലി തുള്ളുമ്പോൾ
കൊച്ചനുജനെ പോലെ നീ സഹിപ്പതും
ശീട്ടുവാങ്ങി മടങ്ങുവാനായി ഞാൻ
ആശുപത്രിയിൽ അലസം നടന്നതും
കാലിലല്ല കയറേണ്ടതാ ഖഡ്ഗം എൻ
മാറിലാണെന്നു നീ കളിയായ് പറഞ്ഞതും
കണ്ടതല്ലേ ശീലങ്ങൾ എവ്വിധം, എൻ
സന്തത സഹചാരിയായ് എന്നു നീ
ദുർവിധിയാം ശീലങ്ങളിൽ ആഴ്ന്നാഴ്ന്നു
നേർത്തു പോകുമോ എന്നും അറിവീല
ഒട്ടു ഞാൻ ശീലം മാറ്റിവെച്ചീടുകിൽ
നിദ്രയെന്നെ തിരിഞ്ഞു നോക്കുന്നീല
ചിത്തമീവിധം പോയീടുകിൽ വൃഥാ
പ്രജ്ഞ കെട്ട് നടനീടുകെന്നലാം"
നെറ്റിയിൽ പൊടിയുന്ന വിയർപ്പൊപ്പി
നിത്യ സങ്കടം എന്നോടുരക്കവേ
നിസഹനീയനായ് നിശൂന്യനായ് ഞാനെന്തു
ചകിതനാകുമീ ഭ്രാതാവിനോതുവാൻ
മദ്യം എത്ര ഹൃദയ ബന്ധങ്ങൾ തൻ
സപ്ത വർണ്ണങ്ങൾ പാടെ മറയ്ക്കുന്നു
മൃത്യുവിലേയ്ക്കെന്നും നയിക്കുന്നു
മർത്യ ദുഃഖങ്ങൾക്ക് വിളനിലമൊരുക്കുന്നു.
ഇനിയുമില്ല വസന്തമെന്നോർത്തു ഞാൻ
മിഴിയടച്ചങ്ങു മൗനം ഭജിക്കവെ
നുരകൾ ചിന്നി വിഷ ചഷകങ്ങൾ പിന്നെയും
നിറയുന്ന ശബ്ദമെൻ കാതിൽ മുഴക്കമായ്.

wonderful rendering
ReplyDeleteകലക്കി മാഷെ ...
ReplyDeleteThanks......
ReplyDeleteനിസഹനീയനായ് നിശൂന്യനായ് ഞാനെന്തു
ReplyDeleteചകിതനാകുമീ ഭ്രാതാവിനോതുവാൻ